liquor

വടകര: മാഹിയില്‍ നിന്ന് ടാറ്റ എയ്‌സില്‍ കടത്തിയ 474 കുപ്പി വിദേശ മദ്യവുമായി യുവാവ് വടകരയില്‍ പിടിയില്‍. വാഹനം ഓടിച്ചയാള്‍ ഓടിരക്ഷപ്പെട്ടു. ദേശീയപാതയില്‍ പാലയാട്ട് നടയില്‍ ഇന്നലെ രാവിലെയാണ് സംഭവം. എക്‌സൈസ് സംഘം വാഹനം കുറുകെയിട്ടാണ് ടാറ്റ എയ്‌സ് തടഞ്ഞതും മദ്യം പിടികൂടിയതും. ന്യൂമാഹി സ്വദേശി കെ.പി.റാഷിദാണ് (18) പിടിയിലായത്. വാഹനം ഓടിച്ചത് മുക്കാളി സ്വദേശി ഹനീഫയാണെന്ന് ഇയാള്‍ എക്‌സൈസിനോട് പറഞ്ഞു.

വാഹനത്തില്‍ പെട്ടികളിലായി അട്ടിവെച്ച മദ്യത്തിനു മീതെ ഇളനീര്‍ തൊണ്ട് അടുക്കി വെച്ച നിലയിലായിരുന്നു. മലപ്പുറത്തേക്കു കടത്തുകയായിരുന്നുവെന്നാണ് പറയുന്നത്. രഹസ്യ വിവരം കിട്ടിയ എക്‌സൈസ് സംഘം വടകര ദേശീയപാതയില്‍ കാത്തു നിന്നു. കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയ വാഹനത്തെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. വാഹനവും മദ്യവും പ്രതിയേയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിജില്‍ കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രമോദ് പുളിക്കൂല്‍, കെ.കെ.ജയന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുനീഷ്, ടി.സനു, പി.ഷിജിന്‍, രാഗേഷ്ബാബു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.