കോഴിക്കോട്: ഭരണഘടന സംരക്ഷിക്കണമെന്ന ആവശ്യവുമായി കൊടിഅടയാളം എന്ന പേരിൽ കെ.എസ്.യു സംഘടിപ്പിക്കുന്ന ആദ്യ മേഖലാ റാലി 11ന് കോഴിക്കോട്ട് നടക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി റാലി ഉദ്ഘാടനം ചെയ്യുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രണ്ടാമത്തെ റാലി 19ന് തിരുവനന്തപുരത്ത് എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും. 26 ന് മൂന്നാമത്തെ റാലി എറണാകുളത്താണ്.
കേരളത്തിലെ സി.എ.എ വിരുദ്ധസമരങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ ഒറ്റുകൊടുത്തതായി അഭിജിത്ത് പറഞ്ഞു. ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനെ പ്രീണിപ്പിക്കുകയുമാണ് മുഖ്യമന്ത്രി. മതപരമായി വേർതിരിവുണ്ടാക്കാൻ സംഘപരിവാറിന് വഴിയൊരുക്കുകയാണ് സി.എ.എ വിരുദ്ധ സമരങ്ങളെ തള്ളിപ്പറഞ്ഞതിലൂടെ മുഖ്യമന്ത്രി ചെയ്തത്. തങ്ങളെല്ലാം അണിനിരന്നത് എസ്.ഡി.പി.ഐക്കാരുടെ സമരത്തിലല്ലെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് 11ന് വൈകിട്ട് മൂന്നിന് മലബാർ ക്രിസ്ത്യൻ കോളേജ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി മുതലക്കുളം മൈതാനത്താണ് സമാപിക്കുക. പൊതുസമ്മേളനത്തിൽ എൻ.എസ്.യു.ഐ പ്രസിഡന്റ് നീരജ് കുന്ദൻ, ഇമ്രാൻ പ്രതാപ് ഗർഹി, പി.സി.വിഷ്ണുനാഥ്, ടി. സിദ്ദിഖ്, എം.എൽ.എ മാരായ ഷാഫി പറമ്പിൽ, റോജി എം.ജോൺ, രമ്യ ഹരിദാസ് എം.പി തുടങ്ങിയവർ സംബന്ധിക്കും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുക്കും.