വടകര: കൈനാട്ടിയില്‍ ബസ് കണ്ടക്ടറെ ഓട്ടോറിക്ഷ ഓടിച്ചുകയറ്റി അപായപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് കൈക്കൊണ്ട നടപടിയില്‍ പ്രതിഷേധിച്ച് രണ്ടു ദിവസമായി വടകര-തൊട്ടില്‍പാലം റൂട്ടില്‍ ബസ് ഓട്ടം നിർത്തി തൊഴിലാളികള്‍ പണിമുടക്കി. സമാന്തര സര്‍വീസ് നടത്തിയ ഓട്ടോറിക്ഷയുടെ മുന്നില്‍ നിന്നു ദൃശ്യം പകര്‍ത്തുമ്പോള്‍ ഓട്ടോ ഡ്രൈവര്‍ കണ്ടക്ടര്‍ക്കു നേരെ വാഹനം ഓടിച്ചുകയറ്റിയ സംഭവത്തില്‍ കിഴക്കയില്‍ ബസിന്റെ കണ്ടക്ടര്‍ രാജേഷിനു പരിക്കു പറ്റിയിരുന്നു. സംഭവത്തില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസും തകര്‍ന്നിരുന്നു. കണ്ടക്ടര്‍ക്കു പരിക്കേറ്റതില്‍ ഓട്ടോഡ്രൈവര്‍ക്കും ഓട്ടോയുടെ ഗ്ലാസ് തകര്‍ത്തതിനു കണ്ടക്ടര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതാണ് ബസ് തൊഴിലാളികളെ ചൊടിപ്പിച്ചതും സമരത്തിലേക്കു നയിച്ചിരിക്കുന്നതും. ബസുകളുടെ പണിമുടക്കില്‍ റൂട്ടിലെ ജനങ്ങള്‍ വലഞ്ഞു. ജീപ്പുകള്‍ സര്‍വീസ് നടത്തിയിരുന്നു. ഇതും കെ.എസ്.ആര്‍.ടി.സിയുമയിരുന്നു യാത്രക്കാര്‍ക്ക് ആശ്രയം. രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ആയത് കൊണ്ട് വിദ്യാര്‍ഥികളും മറ്റു യാത്രക്കാരും കുറവായിരുന്നു. ബസ് ജീവനക്കാര്‍ക്കെതിരെ നിരന്തരമുണ്ടാകുന്ന അക്രമങ്ങളില്‍ തൊഴിലാളികള്‍ക്ക് അമര്‍ഷമുണ്ട്. ഇത്തരം കേസുകളുകളില്‍ പൊലിസ് ശക്തമായ നടപടിയെടുക്കുന്നില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇതിനിടയിൽ ബസ് ഓണേഴ്‌സ് അസോസിയേഷനും യൂനിയനുകളും അറിയാതെയാണ് തൊഴിലാളികൾ സമരത്തിനിറങ്ങിയത്. റൂട്ടിൽ കെ.എസ് ആർ .ടി .സി കൂടുതൽ ബസുകൾ സർവ്വീസിനായി ഇറക്കിയത് ആശ്വാസമാവുന്നുണ്ട്.