വടകര: തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടത്തിയ 'വൃക്ഷാദരം' പരിപാടി ശ്രദ്ധേയമായി. പാഠ്യപദ്ധതിയുടെ തുടർപ്രവർത്തനം എന്ന നിലയിൽ കുട്ടികൾ മരത്തെ ആദരിച്ചു. ഒമ്പതാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിൽ കുട്ടികളോട് മരത്തെ പറ്റി സർവ്വേ നടത്താൻ ആവശ്യപ്പെടുന്നുണ്ട്. സർവ്വേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏറ്റവും പ്രായം കൂടിയതും വലുതുമായ മരത്തെ, സർവേ നടത്തിയ വിദ്യാർത്ഥിയുടെ വീട്ടു വളപ്പിലേക്ക് ചെന്ന് ആദരിക്കുകയായിരുന്നു. 'ഞങ്ങൾ മരത്തെ ബഹുമാനിക്കുന്നു' എന്ന പോസ്റ്റർ മരത്തിൽ പതിച്ചു. തുടർന്ന് മരത്തിനു സമീപം നടന്ന ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകൻ ആഷോ സമം ഹരിത സന്ദേശം നൽകി. മരം ഇല്ലെങ്കിൽ നമ്മൾ ഇല്ല എന്ന് അദ്ദേഹം പറഞ്ഞു. ക്ലബ് കോ-ഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡൻറ് എഫ് എം മുനീർ, ഗാർഗി അശോക്, എച്ച് ആബിദ്, കെ അമൃത, മൊയ്തു റഹ്മാനി, നിഷാ മുരളി, കെഎം നസീമ, ദിയ ദിനേശൻ തുടങ്ങിയവർ സംസാരിച്ചു. ആദരിക്കൽ പരിപാടിക്ക് റിയാ ജാസ്മിൻ, ബായിസ് ഇസ്മയിൽ, ഫാത്തിമ സഹല, മിലു മിർസ തുടങ്ങിയവർ നേതൃത്വം നൽകി. ഒപ്പം കൊണ്ടുവന്ന നാടൻ ഭക്ഷ്യവിഭവങ്ങൾ മരത്തിനു സമീപം വച്ച് പങ്കുവെച്ച് കഴിച്ച ശേഷമാണ് വിദ്യാർത്ഥികൾ പിരിഞ്ഞത്.