കോഴിക്കോട്: കലകാരന്മാർക്ക് മുമ്പത്തേക്കാൾ കൂടുതൽ അവസരം ഇപ്പോൾ ലഭിക്കുന്നുണ്ടെന്ന് നടനും എം.എൽ.എയുമായ മുകേഷ്. സഹകരണ ജീവനക്കാരുടെ സാംസ്‌കാരിക കൂട്ടായ്മ കോഓപ്പറേറ്റീവ് കൾച്ചറൽ ഫോറം ക്ലബ് ഒഫ് കാലിക്കറ്റിന്റെ ഉദ്ഘാടനം ടാഗോർഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ലഭിച്ച അവസരങ്ങൾ പരമാവധി ഉപയോഗിച്ചാണ് കലാരംഗത്ത് പിടിച്ചു നിന്നത്.
കോഴിക്കോടുമായി വളരെ ആത്മബന്ധമുണ്ട്. കോഴിക്കോട് ലൊക്കേഷനായിരുന്ന നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നാടകകൃത്ത് കെ.ടി. മുഹമ്മദിന്റെ എഴുത്ത് തന്നെ ഏറെ സ്പർശിച്ചിട്ടുണ്ടെന്നും മുകേഷ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരിക്ക് ലോഗോ നൽകി എ. പ്രദീപ്കുമാർ എം.എൽ.എ പ്രകാശനം ചെയ്തു. ലോഗോ ഡിസൈൻ ചെയ്ത പ്രമോദ് കണ്ണാടിക്കലിന് മുകേഷ് ഉപഹാരം നൽകി.
അർബൻ ബാങ്ക് ഫെഡറേഷൻ ചെയർമാൻ ടി.പി. ദാസൻ, അഡ്വ. ജി.സി. പ്രശാന്ത്കുമാർ, എൻ.കെ. രാമചന്ദ്രൻ, കെ.ടി. അനിൽകുമാർ, അജയൻ, കെ. ബാബുരാജ്, ഇ. സുനിൽകുമാർ, എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി മോഹനൻ സ്വാഗതവും ട്രഷറർ കെ. സജിത്ത് നന്ദി പറഞ്ഞു.