മുക്കം: ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവർക്ക് ഉച്ചഭക്ഷണം നൽകാൻ തീരുമാനം. തേക്കുംകുറ്റിയിൽ പ്രവർത്തിക്കുന്ന കാരശേരി പഞ്ചായത്ത് പിഎച്ച്സിയിലാണ് രോഗികൾക്ക് ഉച്ചഭക്ഷണം നൽകാൻ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചത്. ഇവിടെയെത്തുന്ന രോഗികൾക്ക് ഇപ്പോൾ ചായയും ബിസ്കറ്റും നൽകുന്നുണ്ട്. കാരശേരിപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.കെ വിനോദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന എച്ച് എം സി യോഗമാണ് ചായയും ബിസ്കറ്റും പോര, ചോറും കറിയും വേണമെന്ന് നിർദ്ദേശിച്ചത്. ആഴ്ചയിൽ ഒരുദിവസം വിദഗ്ദ ഡോക്ടർമാരുടെ സേവനം ഏർപ്പെടുത്തുക, കുട്ടികൾക്ക് പാർക്ക് നിർമ്മിക്കുക, ആശുപത്രിയിൽ പൂന്തോട്ടം നിർമിക്കുക, വാഹന പാർക്കിംഗ് സൗകര്യം ഏർപെടുത്തുക, ആർദ്രം പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം തന്നെ നടത്തുക തുടങ്ങിയ തീരുമാനങ്ങളും കൈക്കൊണ്ടു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സജി തോമസ്, പഞ്ചായത്ത്‌ അംഗം സുനില കണ്ണങ്കര എന്നിവരും സംബന്ധിച്ചു. ഡോ. സജ്ന. സ്വാഗതവും ജോസ് നന്ദിയും പറഞ്ഞു.