മാനന്തവാടി: നിർമ്മാണത്തിലെ അപാകതയെ തുടർന്ന് നാട്ടുകാർ കലുങ്ക് നിർമ്മാണം തടഞ്ഞു. എടവക ചേമ്പിലോട് പള്ളിക്കൽ റോഡിലെ കലുങ്ക് നിർമ്മാണമാണ് നാട്ടുകാർ തടഞ്ഞത്. 2018 ലെ പ്രളയത്തിലാണ് കലുങ്ക് തകർന്നത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും പാടെ നിലച്ചു. പളളിക്കൽ,കാരകുനി, ചന്ദനനട, പുതിയിടംകുന്ന്, കുന്നമംഗലം എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി കർഷകരുടെ കാർഷിക ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള പ്രധാന മാർഗ്ഗമായിരുന്നു ഈ റോഡ്. എടവക പഞ്ചായത്തിലെ വിവിധയിടങ്ങളിൽ നിന്ന് ജില്ലയിലെ ഏക കാൻസർ സെന്ററായ നല്ലൂർനാട് അംബേദ്ക്കർ കാൻസർ സെന്ററിലേക്കുള്ള എളുപ്പമാർഗ്ഗം കുൂടിയായിരുന്നു ഈ റോഡ്.
ഗതാഗതം നിലച്ചതോടെ 5 കി.മീ അധികം ദൂരം ചുറ്റി വേണം സെന്ററിലെത്താൻ.
ഒരുപാട് നാളത്തെ പ്രതിഷേധങ്ങളെ തുടർന്നാണ് കലുങ്കിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്. ഒരു വർഷം മുമ്പ് പ്രവർത്തി അനുമതി ലഭിച്ചിട്ടും നിർമ്മാണം നടത്തിയിരുന്നില്ല. വേണ്ടത്ര നിർമ്മാണ സാമഗ്രികൾ ഉപയോഗിക്കാതെ ധൃതി പിടിച്ച് നടത്തിയ നിർമ്മാണത്തിൽ ബലക്ഷയം കണ്ടതോടെയാണ് പ്രദേശവാസികൾ നിർമ്മാണം തടഞ്ഞത്.
25 ചാക്ക് സിമന്റ് ഉപയോഗിച്ച് നടത്തേണ്ട സ്ഥലത്ത് അഞ്ച് ചാക്ക് സിമന്റ് മാത്രമേ ഉപയോഗിച്ചിട്ടുള്ളു എന്നാണ് നാട്ടുകാരുടെ അരോപണം.
പരാതിയെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചപ്പോൾ നിർമ്മാണത്തിൽ അപാകത കണ്ടിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ അഴിമതിക്ക് കുട്ടു നിൽക്കുകയായാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. കലുങ്ക് നിർമ്മാണം പൂർത്തിയാക്കണമെങ്കിൽ സാങ്കേതിക വിഭാഗം പരിശോധന നടത്തുകയും പരിഹരിക്കേണ്ട വിഷയങ്ങൾ പരിഹരിച്ച് കാര്യക്ഷമത ഉറപ്പ് നൽകുകയും വേണമെന്ന നിലപാടിലാണ് നാട്ടുകാർ.