# സമരം പിൻവലിക്കുന്നത് മൂന്ന് ദിവസങ്ങൾക്ക് ശേഷം

വടകര/കുറ്റ്യാടി : കൈനാട്ടിയില്‍ ബസ് കണ്ടക്ടറെ ഓട്ടോയിടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ഇരക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് വടകര - തൊട്ടില്‍പാലം റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തി വരുന്ന പണിമുടക്ക് പിന്‍വലിച്ചു. സംഭവത്തില്‍ കൃത്യമായി അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കുമെന്നും കണ്ടക്ടര്‍ രാജേഷിന്റെ പേരില്‍ എടുത്ത കേസ് നടപടി അവസാനിപ്പിക്കുമെന്നും അനധികൃത സമാന്തര സര്‍വീസുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും വടകര ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാം നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം ഒത്തുതീര്‍ന്നത്.

പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം വിളിച്ചു ചേര്‍ത്ത സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. കൈനാട്ടിയില്‍ ബസ് കണ്ടക്ടറെ ഓട്ടോറിക്ഷ ഓടിച്ചുകയറ്റി അപായപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് കൈക്കൊണ്ട നടപടിയില്‍ പ്രതിഷേധിച്ചാണ് വടകര-തൊട്ടില്‍പാലം റൂട്ടില്‍ ബസ് ഓട്ടം നിർത്തി തൊഴിലാളികള്‍ പണിമുടക്കിയത്. സമാന്തര സര്‍വീസ് നടത്തിയ ഓട്ടോറിക്ഷയുടെ മുന്നില്‍ നിന്നു ദൃശ്യം പകര്‍ത്തുമ്പോള്‍ ഓട്ടോ ഡ്രൈവര്‍ കണ്ടക്ടര്‍ക്കു നേരെ വാഹനം ഓടിച്ചുകയറ്റിയ സംഭവത്തില്‍ കിഴക്കയില്‍ ബസിന്റെ കണ്ടക്ടര്‍ രാജേഷിനു പരിക്കു പറ്റിയിരുന്നു. സംഭവത്തില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസും തകര്‍ന്നിരുന്നു. കണ്ടക്ടര്‍ക്കു പരിക്കേറ്റതില്‍ ഓട്ടോഡ്രൈവര്‍ക്കും ഓട്ടോയുടെ ഗ്ലാസ് തകര്‍ത്തതിനു കണ്ടക്ടര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതാണ് ബസ് തൊഴിലാളികളെ ചൊടിപ്പിച്ചതും സമരത്തിലേക്കു നയിച്ചതും. ബസുകളുടെ പണിമുടക്കില്‍ റൂട്ടിലെ ജനങ്ങള്‍ വലഞ്ഞു. ജീപ്പുകള്‍ സര്‍വീസ് നടത്തിയിരുന്നു. ഇതും കെ.എസ്.ആര്‍.ടി.സിയുമയിരുന്നു യാത്രക്കാര്‍ക്ക് ആശ്രയം. രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ആയത് കൊണ്ട് വിദ്യാര്‍ഥികളും മറ്റു യാത്രക്കാരും കുറവായിരുന്നു. ബസ് ജീവനക്കാര്‍ക്കെതിരെ നിരന്തരമുണ്ടാകുന്ന അക്രമങ്ങളില്‍ തൊഴിലാളികള്‍ക്ക് അമര്‍ഷമുണ്ട്. ഇത്തരം കേസുകളുകളില്‍ പൊലിസ് ശക്തമായ നടപടിയെടുക്കുന്നില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇതിനിടയിൽ ബസ് ഓണേഴ്‌സ് അസോസിയേഷനും യൂനിയനുകളും അറിയാതെയാണ് തൊഴിലാളികൾ സമരത്തിനിറങ്ങിയത്. റൂട്ടിൽ കെ.എസ് ആർ .ടി .സി കൂടുതൽ ബസുകൾ സർവ്വീസിനായി ഇറക്കിയത് ആശ്വാസമാവുന്നുണ്ട്. ബസ്സുടമ സംഘം ജനറല്‍ സെക്രട്ടറി കെ.കെ ഗോപാലന്‍ നമ്പ്യാര്‍, വിജയന്‍ കൈലാസ്, എ.ഐ.ടി.യു.സി നേതാവ് വി.ആര്‍ രമേശ്, കെ.വി രാമചന്ദ്രന്‍, ഇ. പ്രദീപ് കുമാര്‍, എം. ബാലകൃഷ്ണന്‍, പി. സുധീഷ്, പി.എം വേലായുധന്‍, വിനോദ് ചെറിയത്ത്, കെ.ടി കുമാരന്‍, ശരത്ത് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

#ദുരിതത്തിലായത് മലയോരമേഖല(in box)

തോട്ടിൽ പാലം, കുറ്റ്യാടി, വടകര റൂട്ടിലെ സ്വകാര്യ ബസ് സമരം മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോൾ ജനങ്ങൾ യാത്രാക്ലേശത്തിൽ ബുദ്ധിമുട്ടിയിരുന്നു. ഞായറാഴ്ച മുതൽ പണി മുടക്ക് തൊട്ടിൽപാലം, കുറ്റ്യാടി, നാദാപുരം, തലശ്ശേരി ഭാഗങ്ങളിലെ ബസുകളെയും ബാധിച്ചു. നൂറ് കണക്കിന് യാത്രക്കാരാണ് കൃത്യമായ വാഹനങ്ങൾ ലഭിക്കാത്തെ മണിക്കൂറ്കളോളം കാത്ത് നിൽക്കുന്നത്. ഇടവിട്ട് ഓടുന്ന കെ.എസ് ആർ ടി സി ബസുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. തൊട്ടിൽപാലം, കുറ്റ്യാടി, ബസ് സ്റ്റാന്റുകളിൽ സമാന്തര ജീപ്പ് സർവ്വീസുകൾ സജീവമായിരുന്നു. ബസ് സർവീസുകളെ അപേക്ഷിച്ച് ജീപ്പു യാത്രയുടെ ചാർജ് വർദ്ധനവ് അധികമാണ്. കൺസ്ട്രക്ഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ജീപ്പ് യാത്ര വലിയ പ്രശ്നമായി.