വടകര: ന്യൂനപക്ഷ സമുദായത്തോടും ആദിവാസിളോടും പൗരത്വ രേഖ ചോദിക്കുന്നത് അഹന്തയും ധിക്കാരവുമാണെന്ന് ചരിത്രകാരനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലറുമായ ഡോ. കെ.കെ.എൻ. കുറുപ്പ് പറഞ്ഞു. സമസ്ത കോഴിക്കോട് ജില്ലാ കോ - ഓർഡിനേഷൻ സമിതി വടകരയിൽ നടത്തിയ 'ബഹുസ്വരതയാണ് ഭാരതീയം" എന്ന പ്രമേയത്തിന്റെ ഭാഗമായുള്ള ഒന്നാം പൗരത്വ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വം ചോദിക്കാനും നിഷേധിക്കാനും സർക്കാരിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ സി.എച്ച്. മഹ്മൂദ് സഅദി അദ്ധ്യക്ഷത വഹിച്ചു. എ.വി. അബ്ദുറഹിമാൻ മുസലിയാർ, ആർ.വി. കുട്ടി ഹസൻ ദാരിമി, പി.കെ. ദിവാകരൻ മാസ്റ്റർ, ദിനേഷ് മണി തലക്കളത്തൂർ, എൻ. അഹമ്മദ് മാസ്റ്റർ, അഡ്വ. പി. ഗവാസ്, സലാം ഫൈസി മുക്കം തുടങ്ങിയവർ സംസാരിച്ചു. നാസർ ഫൈസി കൂടത്തായി പ്രമേയ പ്രഭാഷണം നടത്തി. കൺവീനർ ഇ.പി.എ. അസീസ് ദാരിമി സ്വാഗതവും ഫൈസൽ ഫൈസി കാളികാവ് നന്ദിയും പറഞ്ഞു. ജില്ലയിലെ രണ്ടാമത് സമ്മേളനം രാമനാട്ടുകരയിൽ നടക്കും. ചരിത്രകാരൻ ഡോ. കെ.എസ്. മാധവൻ ഉദ്ഘാടനം ചെയ്യും. എം.സി. മായിൻഹാജി, കെ.ഇ.എൻ, അഡ്വ. പ്രവീൺ കുമാർ, അബ്ദുറഹിമാൻ രണ്ടത്താണി, ഓണമ്പള്ളി മുഹമ്മദ് ഫൈസി, മുസ്തഫ മുണ്ടുപാറ പങ്കെടുക്കും.