ബാലുശ്ശേരി : മാലിന്യപ്രശ്നത്തിന് പരിഹാരം കാണാത്ത സാഹചര്യത്തിൽ അടച്ചുപൂട്ടേണ്ടി വന്ന കിനാലൂർ വ്യവസായ കേന്ദ്രത്തിലെ ട്രിനിറ്റി പ്ലൈവുഡ് കമ്പനി വീണ്ടും തുറന്നതോടെ സംഘർഷം. സമരക്കാരെ കൈയേറ്റം ചെയ്തെന്ന് ആരോപിച്ചുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഒരു കൂട്ടമാളുകൾ കമ്പനിയിലെ ഓഫീസ് സാമഗ്രികളും അലമാരയും മറ്റും തകർത്തു.

ഗ്രാമ പഞ്ചായത്തും മലിനീകരണ നിയന്ത്രണ ബോർഡും നോട്ടീസ് നൽകിയതോടെ ഏതാനും മാസങ്ങളായി കമ്പനി പ്രവർത്തനം നിശ്ചലമായിരുന്നു. ഇന്നലെ രാവിലെ 10 മണിയോടെ സ്ഥാപനം വീണ്ടും തുറന്നു. ഇതറിഞ്ഞതോടെ പ്രദേശവാസികൾ സംഘടിച്ച് കമ്പനി കവാടത്തിലെത്തി. പ്രതിഷേധത്തിനിടെ കൈയേറ്റത്തെച്ചൊല്ലി വാക്കേറ്റമായി. തുടർന്നുണ്ടായ സംഘർഷം കുറച്ചുനേരത്തേക്ക് നീണ്ടു. അധികാരികളുടെ അനുമതിപത്രം ലഭിച്ച ശേഷം മാത്രമേ കമ്പനി തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂവെന്ന നിലപാടിലാണ് നാട്ടുകാർ. എന്നാൽ, ജില്ലാ കളക്ടറുടെ അനുമതി ലഭിച്ച ശേഷമാണ് സ്ഥാപനം തുറന്നതെന്ന് കമ്പനി അധികൃതർ പറയുന്നു.

വാർഡ് മെമ്പർ സി കെ ഷൈനിയുടെ നേതൃത്വത്തിൽ സംസാരിക്കാൻ തുടങ്ങവെ ഉടമയും മകനും ചേർന്ന് സ്ത്രീകൾക്കുനേരെ അസഭ്യം പറയുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തതായി സമരക്കാർ ആരോപിച്ചു. മർദ്ദനത്തിൽ പരിക്കേറ്റ സി കെ ഷൈനി, പ്രദേശവാസികളായ നഫീസ, ഷംല എന്നിവെരെ പിന്നീട് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നുണ്ടായ സംഘർഷത്തിൽലാണ് കമ്പനിയിലെ ഓഫീസ് സാമഗ്രികളും അലമാരയും തകർത്തത്. സ്ഥലെത്തെത്തിയ ബാലുശ്ശേരി പൊലീസ് സമരക്കാരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത് രംഗം കൂടുതൽ വഷളാക്കി. കിനാലൂരിൽ മർദ്ദനമേറ്റ പഞ്ചായത്തംഗത്തിന്റേയും മറ്റു സ്ത്രീകളുടേയും മൊഴി പൊലീസ് എടുക്കാത്തതിൽ പ്രതിഷേധിച്ച് പനങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഉസ്മാന്റെനേതൃത്വത്തിൽ രാത്രി ഏറെ വൈകിയും ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.

അക്രമം നടത്തിയതായി കാണിച്ച് സമരക്കാരിൽ പെട്ട ജിജിത്ത്, നാസർ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഉടമകളുടെ പരാതിയിൽ സമരക്കാർക്കെതിരെ കേസെടുത്തിട്ടുമുണ്ട്. കമ്പനി ഉടമകളുടെ മർദ്ദനത്തിനിരയായ ജനപ്രതിനിധിയുടെയും മറ്റു സ്ത്രീകളുടെയും മൊഴി രേഖപ്പെടുത്താൻ രാത്രി വൈകും വരെ പൊലീസ് തയ്യാറായില്ലെന്ന ആക്ഷേപമുണ്ട്.