കൊടിയത്തൂർ: വിഷുക്കാലത്ത് വിഷരഹിത പച്ചക്കറികൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ കൊടിയത്തൂർ സഹകരണ ബാങ്ക് ഒരുക്കങ്ങൾ തുടങ്ങി. വിഷുവിപണി ലക്ഷ്യമിട്ട് ബാങ്കിന്റെ സ്വന്തമായുള്ള ഒന്നര ഏക്കർ സ്ഥലത്ത് ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമിട്ടു കഴിഞ്ഞു. ബാങ്കിന് കീഴിലെ കർഷക സേവന കേന്ദ്രത്തിലെ ഗ്രീൻ ആർമി പ്രവർത്തകരുടെ നേതൃത്വത്തിലാണ് പച്ചക്കറി നടീലും പരിപാലനവും. ആധുനിക കാർഷികയന്ത്രങ്ങളുടെ സഹായത്തോടെ പൂർണമായും ജൈവരീതിയിലാണ് കൃഷി. ജൈവവളവും ജൈവകീടനാശിനിയും ഉപയോഗിച്ച് ബാങ്ക് സ്വന്തമായും ബാങ്കിന് കീഴിലെ ഫാർമേഴ്സ് ക്ലബ്ബുകളിലൂടെയും കഴിഞ്ഞ ആറ് വർഷമായി പച്ചക്കറികൃഷിയും നെൽകൃഷിയും നടത്തിവരുന്നുണ്ട്. 2017-18 ൽ ഏറ്റവും മികച്ച പച്ചക്കറി കൃഷിക്കുള്ള കൃഷി വകുപ്പിന്‍റെ ജില്ലാതല അവാർഡ് ബാങ്കിന് ലഭിച്ചിരുന്നു.
വിളവെടുക്കുന്ന പച്ചക്കറികൾ ബാങ്കിന്‍റെ ചന്തകളിലൂടെയും നെല്ല് കുത്തി അരിയാക്കിയും വിപണനം നടത്തിവരുന്നു.
ഇത്തവണത്തെ വിഷു പച്ചക്കറിയുടെ നടീൽ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ഇ. രമേശ്ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉമ ഉണ്ണികൃഷ്ണൻ, ബാങ്ക് ഡയറക്ടർമാരായ പി. ഷിനോ, വി.കെ. അബൂബക്കർ, എ.സി. നിസാർ ബാബു, സന്തോഷ് സെബാസ്റ്റ്യൻ, അസ്മാബി പരപ്പിൽ, സിന്ധു രാജൻ, കൃഷി അസിസ്റ്റന്‍റ് ജാഫർ തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ. ബാബുരാജ് സ്വാഗതവും കർഷക സേവനകേന്ദ്രം മാനേജർ ഡെന്നി ജോസ് നന്ദിയും പറഞ്ഞു.