palayam-market

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റാനുള്ള കോഴിക്കോട് കോർപ്പറേഷൻ തീരുമാനത്തിനെതിരെ എ.ഐ.ടി.യു.സി നിയന്ത്രണത്തിലുള്ള പാളയം ഫുട്പാത്ത് തൊഴിലാളി യൂണിയനും രംഗത്ത്.

ഈ മാറ്റം പഴം - പച്ചക്കറി മൊത്ത കച്ചവടക്കാർ, ചെറുകിട വ്യാപാരികൾ, ഈ സ്ഥാപനങ്ങളിലെ തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ, ഫുട്‌പാത്ത് കച്ചവടക്കാർ, അനുബന്ധ കച്ചവടക്കാർ ഉൾപ്പെടെ അയ്യായിരത്തോളം പേരുടെ ജീവിതമാർഗം വഴിമുട്ടുമെന്നാണ് യൂണിയന്റെ വിലയിരുത്തൽ.

പാളയം എം.എം അലി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വേണ്ടിയാണ് പച്ചക്കറി മാർക്കറ്റ് മാറ്റമെന്ന വിശദീകരണമാണ് കോർപ്പറേഷൻ അധികൃതരുടേത്. എന്നാൽ, ഈ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബദൽ മാർഗങ്ങളുണ്ടെന്ന് യൂണിയൻ ചൂണ്ടിക്കാട്ടുന്നു.

പാളയം പച്ചക്കറി മാർക്കറ്റിന്റെ 4.75 ഏക്കർ ഭൂമിയുടെ ഒരു ഭാഗം ഉപയോഗപ്പെടുത്തിയും കോട്ടപ്പറമ്പ് - എം.എം അലി റോഡ് ബൈപാസ് പദ്ധതി നടപ്പാക്കിയും ഗതാഗതക്കുരുക്ക് ഒഴിവാക്കാവുന്നതേയുള്ളൂ. ഇതൊന്നും പരിഗണിക്കാതെ വികസനത്തിന്റെ പേരിൽ ചിലർക്ക് സാമ്പത്തികനേട്ടം ഉണ്ടാക്കാൻ പച്ചക്കറി മാർക്കറ്റ് മാറ്റുകയാണെന്ന് യൂണിയൻ ആരോപിക്കുന്നു.

പാളയം ഫുട്പാത്ത് തൊഴിലാളി യൂണിയൻ ജനറൽബോഡി യോഗം എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.പി.ഹംസ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.മുഹമ്മദ് ബഷീർ റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.പി.ജാഫർ, എ.കെ.കുഞ്ഞിമരക്കാർ, എസ്.കെ.സാദിഖ്, എൻ.പി.കോയട്ടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എം.ടി.മുസ്തഫ സ്വാഗതവും ടി.താഹ നന്ദിയും പറഞ്ഞു.