മാനന്തവാടി: മാനന്തവാടി മത്സ്യ മാർക്കറ്റിൽ പഴകിയതും രാസവസ്തു ചേർത്തതുമായ മത്സ്യം വിറ്റുവെന്ന പരാതിയെ തുടർന്ന് ഫുഡ്‌സേഫ്റ്റി എൻഫോഴ്സ്‌മെന്റ് വിഭാഗം ചൊവ്വാഴ്ച മാർക്കറ്റിൽ പരശോധന നടത്തി. പരിശോധനയ്ക്കായി മത്സ്യത്തിന്റെ സാമ്പിൾ ശേഖരിച്ചു. അതേസമയം പരശോധനയ്ക്കെത്തുന്ന വിവരം അറിഞ്ഞതിനാൽ ഇന്നലെ വിൽപ്പന നടത്തിയത് മായം ചേർക്കാത്ത മീൻ ആയിരുന്നുവെന്ന് നാട്ടുകാർ.
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥൻ മാർക്കറ്റിൽ നിന്ന് വാങ്ങിയ മത്സ്യത്തിൽ രാസവസ്തു കലർന്നിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ഫുഡ്‌സേഫ്റ്റി എൻഫോഴ്സ്‌മെന്റ് മൊബൈൽ വിജിലൻസ് സ്‌ക്വാഡ് വിഭാഗത്തിലെ ഫുഡ്‌സേഫ്റ്റി ഓഫീസർമാരായ കെ.വിനോദ്കുമാർ, കെ.സുജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരശോധനയ്ക്കെത്തിയത്. മത്സ്യത്തിന്റെ സാമ്പിളുകൾ ഉടൻതന്നെ ലാബിലേക്ക് അയയ്ക്കുമെന്നും പരിശോധന റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
നിലവിലെ മാർക്കറ്റ് സബ്ബ് കലക്ടറുടെ ഉത്തരവിനെ തുടർന്ന് അടച്ച് പൂട്ടിയതിനാൽ താല്ക്കാലിക സംവിധാനത്തിൽ ആണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. വിൽപ്പന കേന്ദ്രത്തിന് വേണ്ട സൗകര്യങ്ങളോടു കൂടിയല്ല ഇപ്പോഴത്തെ മാർക്കറ്റ് പ്രവർത്തിക്കുന്നത്. നവീകരിച്ച മാർക്കറ്റ് തുറന്നുകൊടുക്കാൻ കാലതാമസം വരുത്തുന്നതിനാൽ നഗരസഭാ അധികൃതർക്ക് നിയമനടപടി സ്വീകരിക്കാനും സാധിക്കുന്നില്ല.