കുന്ദമംഗലം: പ്രതിഷേധങ്ങൾ വകവെക്കാതെ പൊളിച്ചടുക്കിയ 110 വർഷം പഴക്കമുള്ള ചാത്തമംഗലം സബ് രജിസ്‌ട്രാർ ഓഫീസ് കെട്ടിടത്തിന്റെ സ്ഥാനത്ത് ഹൈടെക് മന്ദിരം ഉയരുകയായി. ഈ ചരിത്രസ്മാരകത്തെ ഓർമ്മയിലേക്ക് തള്ളിയതിച്ചൊല്ലി നാട്ടുകാർക്കിടയിലുള്ള അമർഷം ഇപ്പോഴും അടങ്ങിയിട്ടില്ല.
കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലായി 1908 ൽ നിർമ്മിച്ച സബ് രജിസ്‌ട്രാർ ഓഫീസ് കെട്ടിടം ചരിത്രസ്മാരകമായി നിലനിറുത്തണമെന്ന് പൊതുവെ ജനങ്ങളൊന്നടങ്കം ആവശ്യമുയർത്തിയിരുന്നു. പക്ഷേ, അധികൃതരുടെ ഭാഗത്തുനിന്ന് അനുഭാവത്തോടെയുള്ള പരിഗണനയേയുണ്ടായില്ല. കെട്ടിടം പൊളിക്കുന്നതിനെതിരെ പ്രതിഷേധക്കാർ സംഘടിച്ച് രംഗത്ത് വന്നെങ്കിലും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
സർക്കാർ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 1. 05 കോടി രൂപ ഉപയോഗിച്ചാണ് സബ് രജിസ്ട്രാർ ഓഫീസിനായി പുതിയ കെട്ടിടം പണിയുന്നത്. 18 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗിലൂടെ കെട്ടിടത്തിന്റെ തറക്കല്ലിടൽ നിർവഹിക്കും. പൊതുമരാമത്ത് - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കെ.സുധാകരൻ അദ്ധ്യക്ഷത വഹിക്കും. അഡ്വ.പി.ടി.എ.റഹീം എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യും.
നിർമ്മാണോദ്ഘാടനത്തിനായി ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ബീന ചെയർപേഴ്സണായും സബ് രജിസ്ട്രാർ ജെ.ഒ.ശശികല കൺവീനറായും സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്.