കൽപ്പറ്റ: സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിക്ക് പനമരം ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനം ഇത്തരം പദ്ധതി നടപ്പിലാക്കുന്നത്. വെറ്ററിനറി ഡോക്ടർ, അറ്റൻഡർ, ഡ്രൈവർ, മരുന്ന്, ലാബ് തുടങ്ങിയ സൗകര്യങ്ങൾ വാഹനത്തിൽ ഉണ്ടാകും.

നിശ്ചിത ദിവസങ്ങളിൽ ബ്ലോക്ക് പരിധിയിലെ ഓരോ ഗ്രാമപഞ്ചായത്തിലും സഞ്ചരിച്ച് സേവനം ലഭ്യമാക്കും.

ചാണകം, മൂത്രം, പാൽ, രക്തം എന്നിവ പരിശോധിക്കാനുളള സംവിധാനവുമുണ്ട്. ആവശ്യമായ മരുന്നുകളും സൗജന്യമായി നൽകും. പശുക്കൾക്ക് ബീജദാനം നൽകാനും സൗകര്യമുണ്ട്.

പനമരം ബ്ലോക്ക് ഡിവിഷനു കീഴിലുള്ള പുൽപ്പള്ളി, പൂതാടി, പനമരം, കണിയാമ്പറ്റ, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ 7000 ത്തോളം ക്ഷീര കർഷകർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. 10 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിക്കായി ചെലവിടുന്നത്.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് .ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വർഗ്ഗീസ് മുര്യൻകാവിൽ, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.പി.ഡി.സജി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജയന്തി രാജൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ മേഴ്സി ബെന്നി , ഡോക്ടർ മീരാ മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.

(ചിത്രം)