മുക്കം: ഇന്ത്യൻ ദേശീയ സമരത്തിൽ പങ്കെടുക്കാത്തവർ ദേശീയതയുടെ വക്താക്കളാവുന്ന വിരോധാഭാസമാണ് രാജ്യത്ത് കാണുന്നതെന്ന് നോവലിസ്റ്റ് പി.സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്ര സർക്കാർ ഭേദഗതി ചെയ്ത പൗരത്വനിയമം ഇന്ത്യൻ പൗരൻമാർക്കെതിരാണെങ്കിൽ ആ നിയമം ലംഘിക്കാൻ തയ്യാറാകണം. അങ്ങനെയൊരു നിയമലംഘനത്തിന്റ സമരമാർഗം ദേശീയ പ്രസ്ഥാന സമരകാലത്ത് ഗാന്ധിജി കാണിച്ചു തന്നിട്ടുണ്ട്.
പൂളപ്പൊയിലിൽ ഗ്ലോബൽ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആട്ടിൻതോലണിഞ്ഞ ചെന്നായ എന്ന വിശേഷണത്തിന് സംഘപരിവാർ അർഹരാവുകയാണ്. മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്സെയുടെ ചിതാഭസ്മം സൂക്ഷിച്ചു വച്ചിട്ടുള്ളവർ മഹാത്മാഗാന്ധിയെ പോലും സ്വന്തം താത്പര്യത്തിനായി തെറ്റായ രീതിയിൽ ഉപയോഗിക്കുന്നു.
ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഘപരിവാറിന്റെ ഫാസിസ്റ്റ് ആശയം ഇറ്റലിയിൽ നിന്നും ജർമ്മനിയിൽ നിന്നും കടംകൊണ്ടതാണ്. ഒടുവിൽ അവിടെ ജനങ്ങൾ വിധിച്ച അതേ വിധിയായിരിക്കും ഇന്ത്യയിലും ഫാസിസത്തെ കാത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ മുഖ്യപ്രഭാഷണം നടത്തി. എ.എം.അഹമ്മദ്കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. പി.സുരേന്ദ്രന്റെ സാഹിത്യരചനകൾ പി.കെ. ഗണേശൻ പരിചയപെടുത്തി. ടിടി.സുലൈമാൻ, സി.കെ. ബുഷ്റ, എൻ.കെ.അബു, ശരീഫ് പൂലേരി, എ.എം.സലീം, നാസർ മലയിൽ എന്നിവർ സംസാരിച്ചു.