-ഐ.സിബാലകൃഷ്ണൻ എം.എൽ.എ ചെയർമാൻ സ്ഥാനം രാജിവെച്ചു
-യു.ഡി.എഫ്. ആക്ഷൻ കമ്മറ്റി വിട്ടു
സുൽത്താൻ ബത്തേരി: ദേശീയപാത 766-ലെ രാത്രികാല ഗതാഗത നിരോധനം പിൻവലിക്കുന്നതിനായി രൂപീകരിച്ച ട്രാൻസ്‌പോർട്ട് പ്രൊട്ടക്ഷൻ ആക്ഷൻ കമ്മറ്റിയിൽ നിന്ന് യു.ഡി.എഫും, ചെയർമാൻ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ യും രാജിവെച്ചതോടെ ആക്ഷൻ കമ്മറ്റി പിളർന്നു. ആക്ഷൻ കമ്മറ്റി കണ്ണൂർ ലോബിയെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നിലപാട് സ്വീകരിച്ചുവെന്നാരോപിച്ചാണ് യു.ഡി.എഫ് കമ്മറ്റിയിൽ നിന്ന് വിടുകയും ആക്ഷൻ കമ്മറ്റി ചെയർമാൻ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ ചെയർമാൻ സ്ഥാനം രാജിവെക്കുകയും ചെയ്തത്.
കേന്ദ്ര -കേരള സർക്കാരുകൾ വയനാട്ടിലെ ജനങ്ങളോട് കടുത്ത വഞ്ചനയാണ് കാണിച്ചതെന്ന് യു.ഡി.എഫ് നേതൃത്വം ആരോപിച്ചു.
കോൺഗ്രസിലെ ഐ.സി.ബാലകൃഷ്ണൻ ചെയർമാനും ,സി.പി.എമ്മിലെ സുരേഷ് താളൂർ കൺവീനറും ബി.ജെ.പിയിലെ സജിശങ്കർ ട്രഷററുമായിട്ടായിരുന്നു ആക്ഷൻ കമ്മറ്റി.
സുപ്രീംകോടതിയിൽ നടക്കുന്ന കേസ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങുമ്പോഴും പാത തുറക്കുന്നതിന് അനുകൂലമായ സമീപനമല്ല സി.പി.എമ്മും ബി.ജെ.പിയും സ്വീകരിച്ചത്. യുവജനങ്ങളുടെ നേതൃത്വത്തിൽ ബത്തേരിയിൽ നടന്ന സമരപന്തലിലെത്തി രണ്ട് സംസ്ഥാന മന്ത്രിമാരും ബി.ജെ.പിയുടെ ഉന്നതനേതാക്കളും നടത്തിയ പ്രഖ്യാപനങ്ങളും ഉറപ്പുകളും ഒന്നും തന്നെ പാലിച്ചില്ല. കണ്ണൂർ വിമാനത്താവളത്തിനുവേണ്ടി ബത്തേരി വഴിയുള്ള ദേശീയപാത ഇല്ലാതാക്കാനാണ് നീക്കം നടത്തുന്നതെന്നും അവർ ആരോപിച്ചു.
മുഖ്യ മന്ത്രിതലത്തിൽ ചർച്ചനടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന ആക്ഷൻ കമ്മറ്റിയുടെ ആവശ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖം തിരിക്കുകയാണ് ചെയ്തത്. പ്രശ്ന പരിഹാരത്തിന് കർണാടക മുഖ്യമന്ത്രിയെ കാണുന്നതിന് ഒരു ശ്രമവും നടത്തിയില്ല. കർണാടക മുഖ്യമന്ത്രി സ്വകാര്യ സന്ദർശനത്തിന് കേരളത്തിൽ എത്തിയപ്പോൾ കേരള മുഖ്യമന്ത്രി കേരളത്തിന് പുറത്ത് പോവുകയായിരുന്നുവെന്ന് ഐ.സി.ബാലകൃഷ്ണൻ പറഞ്ഞു .
സുപ്രീംകോടതിയിൽ സമർപ്പിക്കേണ്ട അഫിഡവിറ്റ് തയ്യാറാക്കുന്നതിനായി ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രിയുടെ അഭ്യർത്ഥന മാനിച്ച് ജനപ്രതിനിധികൾ തിരുവനന്തപുരത്തെത്തിയപ്പോൾ ഉദ്യാഗസ്ഥർ രണ്ട് ദിവസം മുമ്പ് തന്നെ അഫിഡവിറ്റ് നൽകിയിരുന്നു. ജില്ലയിലെ മൂന്ന് എം.എൽ.എ മാരുംചേർന്ന് ഒരു അഫിഡവിറ്റ് നൽകാമെന്ന് പറഞ്ഞെങ്കിലും നടന്നില്ല. വിധി വയനാടിന് അനുകൂലമല്ലങ്കിൽ മാത്രമേ ബദൽ പാത നിർദ്ദേശം വെക്കേണ്ടതുള്ളൂ. എന്നാൽ ഇപ്പോൾ നൽകിയിരുക്കുന്ന ബദൽ പാത നിർദ്ദേശം കണ്ണൂരിന് വേണ്ടിയുള്ളതാണ്.
കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ ഉപസമിതി രൂപികരിച്ച് വയനാട്ടിലടക്കം സിറ്റിംഗ് നടത്തി പാത തുറക്കുന്നതിനാവശ്യമായ അനുകൂല തീരുമാനം ഉണ്ടാക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ നടപ്പിലാക്കിയില്ല.
മട്ടന്നൂർ എയർപോർട്ടിനെ സംരക്ഷിക്കുകയെന്ന ഹിഡൻ അജണ്ടയാണ് ദേശീയപാത 766-ന് തടസമായതെന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തി.