ബാലുശ്ശേരി: തന്റെ പ്രാണനായിരുന്ന കൊമ്പൻ തളാപ്പ് പ്രസാദിനെ തളയ്‌ക്കാൻ പാപ്പാൻ ശ്രീജിത്ത് (35) ഇനിയില്ല. ഇന്നലെ രാവിലെ 9.30ന് അത്തോളി പെട്രോൾ പമ്പിനും കൊടക്കല്ലിനും ഇടയിലുണ്ടായ വാഹനാപകടത്തിലാണ് ശ്രീജിത്ത് മരിച്ചത്. വീട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ശ്രീജിത്തിന്റെ സ്‌കൂട്ടറിൽ എതിരെ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
നടുവണ്ണൂർ കൊടോളി പുനത്തിൽ ശ്രീധരന്റേയും സരോജിനിയുടേയും മകനാണ്. ആന പാപ്പാന്റെ മകനായ ശ്രീജിത്തിന് ചെറുപ്പത്തിൽ തന്നെ ആനക്കമ്പമുണ്ടായിരുന്നു. പതിനേഴാം വയസിൽ ശ്രീജിത്തിന് അച്ഛൻ ആനത്തോട്ടി നൽകി. തുടർന്ന് എരുമേലി തേക്കും തോട്ടം ഗംഗാധരന്റെ ഒന്നാം പാപ്പാനായി. ചെർപ്പുളശ്ശേരി മണികണ്ഠൻ, കൊളക്കാടൻ ഗണപതി, പട്ടാമ്പി ശിവശങ്കരൻ, ചെത്തല്ലൂർ മുരളീകൃഷ്ണൻ, ബാലുശ്ശേരി ധനഞ്ജയൻ തുടങ്ങിയ പേരുകേട്ട കൊമ്പൻമാരെ തന്റെ ചൊൽപ്പടിയിൽ നിറുത്തി. ആനക്കമ്പക്കാർ കോഴിക്കോടൻ എന്നാണ് ശ്രീജിത്തിനെ വിളിച്ചിരുന്നത്.
തളാപ്പ് പ്രസാദിന് മലബാറിൽ ഫാൻസ് അസോസിയേഷൻ രൂപീകരിച്ചതോടെ പാപ്പാൻ ശ്രീജിത്തും ശ്രദ്ധേയനായി. നാട്ടാനകൾ ഇടയുകയോ കുറുമ്പുകാട്ടുകയോ ചെയ്‌താൽ ഓടിയെത്താനും ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഒരു കൂട്ടായ്മയുണ്ട്. സഹോദരൻ രഞ്ജിത്തുൾപ്പെടെ 20 ശിഷ്യന്മാരുണ്ട്. ഭാര്യ: ഗ്രീഷ്മ, മകൾ: ആഗ്നേയ.