കോഴിക്കോട്: ഒടുവിൽ പത്താം ശമ്പള പരിഷ്കരണത്തിന്റെ ആനുകൂല്യം ഏറെ വൈകിയാണെങ്കിലും സംസ്ഥാനത്തെ വില്ലേജ് ഓഫീസർമാർക്ക് കൈവരികയാണ്. പുതുക്കിയ ശമ്പള സ്കെയിൽ സംബന്ധിച്ച ഉത്തരവ് ഈ മാസം അവസാനമുണ്ടായേക്കും.
സംസ്ഥാനത്തെ മറ്റു ജീവനക്കാർക്ക് പത്താം ശമ്പള കമ്മിഷന്റെ ആനുകൂല്യങ്ങൾ ലഭിച്ചപ്പോഴും ഏറെ ജോലിഭാരമുള്ള വില്ലേജ് ഓഫീസർമാർക്ക് അനുവദിച്ച ശമ്പള സ്കെയിൽ നടപ്പാക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. ഇതിനെതിരെ ഏതാനും വില്ലേജ് ഓഫീസർമാർ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിനെ സമീപിച്ചതോടെ അനുകൂല ഉത്തരവുണ്ടായി. പക്ഷേ, കോടതി ഉത്തരവ് മാനിക്കാതെ റവന്യു വകുപ്പ് ഫയൽ ധനവകുപ്പിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു. വിധിയ്ക്കെതിരെ അപ്പീൽ ഹർജി നൽകാനാണ് ധനകാര്യവകുപ്പ് നിർദ്ദേശിച്ചത്.
അതിനിടെ, കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞതോടെ പരാതിക്കാർ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തു. സംസ്ഥാനത്തെ ഒരു വിഭാഗം ജീവനക്കാർക്കു മാത്രം ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിൽ തടസ്സവാദം ഉന്നയിച്ച് അപ്പീൽ നൽകുന്നതിലെ അനൗചിത്യം നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുക കൂടി ചെയ്തതോടെ സർക്കാർ സമ്മർദ്ദത്തിലായി. തുടർന്ന്, പുതിയ സ്കെയിൽ നടപ്പാക്കാനുള്ള തുക കണ്ടെത്തണമെന്ന നിർദ്ദേശമുയർന്നു. അങ്ങനെയാണ് വില്ലേജ് ഓഫീസുകളിൽ ലൊക്കേഷൻ മാപ്പ്, തണ്ടപ്പേർ കണക്ക് എന്നിവയ്ക്ക് ഫീസ് ഏർപ്പെടുത്താൻ ബഡ്ജറ്റ് നിർദ്ദേശം വന്നതെന്നാണ് അറിയുന്നത്. എന്തായാലും രണ്ടാഴ്ചയ്ക്കകം വില്ലേജ് ഓഫീസർമാരുടെ ശമ്പള പരിഷ്കരണത്തിന്റെ ഉത്തരവ് ഇറക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമിട്ടുകഴിഞ്ഞു.
അതിനിടയ്ക്ക്, വിവിധ സംഘടനകൾ ഈ വിഷയത്തിൽ സമരം പ്രഖ്യാപിച്ച് രംഗത്ത് വന്നിട്ടുണ്ട്. പുതുക്കിയ ശമ്പള സ്കെയിൽ വൈകാതെ അനുവദിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലല്ലേ ഈ സമരപ്രഖ്യാപനമെന്ന് വകുപ്പിനുള്ളിൽ സംസാരം പടർന്നിട്ടുമുണ്ട്.