nnnn

കോഴിക്കോട്: തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പുതിയപാലത്തെ ചെറിയപാലം പതിവായി ചർച്ചയാവാറുണ്ട്. അതുകഴിഞ്ഞാൽ അങ്ങനെ മാഞ്ഞുപോവുകയും ചെയ്യും. ഒടുവിൽ വലിയ പാലത്തിന് വഴി തുറക്കുന്നുവെന്ന ഘട്ടത്തിലേക്ക് കടന്നിട്ടും പഴയ ദുരനുഭവങ്ങൾ മറക്കുന്നില്ല ഇന്നാട്ടുകാർ.

" ഈ പൊളിഞ്ഞു വീഴാറായ പാലത്തിന്റെ പേരിൽ രാഷ്ട്രീയക്കാർ വോട്ട് പിടിക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായി... ഇനിയെങ്കിലും വലിയ പാലം വന്നാൽ നന്നായി ". പുതിയപാലത്ത് വലിയ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി കച്ചവടക്കാർക്കും തൊഴിലാളികൾക്കുമുള്ള നഷ്ടപരിഹാര പാക്കേജിന് അംഗീകാരമായതോടെ പ്രദേശവാസികളുടെ പ്രതികരണം ഇങ്ങനെയാണ്.

ഈ നാലടി പാലത്തിന്റെ സ്ഥാനത്ത് വലിയൊരു പാലം ഉയരുന്നത് നഗരവാസികളുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ്. അവരുടെ എം.എൽ.എ ഡോ.എം.കെ.മുനീർ നേരത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നപ്പോൾ ഇനി കാലതാമസമില്ലെന്നു കരുതിയതാണ്. പക്ഷേ, പിന്നെയും കാത്തിരിക്കാൻ തന്നെയായിരുന്നു വിധി. പാലത്തിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് പ്രദേശത്തെ ക്ലബ്ബിന്റെ നേതൃത്വത്തിൽ പുതിയപാലമെന്ന സ്ഥലപ്പേര് പൊളിഞ്ഞപാലം എന്നാക്കി വരെ പ്രതിഷേധിച്ചിരുന്നു.

നിലച്ചുപോയ വികസനം

കനോലി കനാലിന് കുറുകെ 1942-ൽ പാലം നിർമ്മിക്കുമ്പോൾ അത് ഈ നാടിന്റെ വലിയ മാറ്റത്തിലേക്കുള്ള ചുവടുവെപ്പായിരുന്നു. കാലപ്പഴക്കത്തെ തുടർന്ന് പാലം തകർന്നപ്പോൾ 1984-ൽ ഇപ്പോഴത്തെ നാലടി പാലം പണിതു. പിന്നീട് കോഴിക്കോട് നഗരം അടിമുടി മാറിയപ്പോഴും പുതിയപാലം ഇടുക്കുപാലമായി തുടർന്നു. ഒപ്പം തകർച്ചയുടെ പാടുകളും. അതിനിടെ, കോണ്‍ക്രീറ്റ് പാലത്തിന് നടുവിൽ വലിയ തുള വീണതോടെ ഇതിലൂടെയുള്ള ഇരുചക്ര വാഹന ഗതാഗതവും നിലച്ചു. പാലത്തിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റ് പാളി അടർന്ന് കമ്പികൾ പുറത്തേക്ക് വന്നിരുന്നു. തൂണുകളിൽ വിള്ളലും വീണു. പിന്നെയും കാലം കടന്നുപോയി. ഒരു വിധത്തിൽ പാലം താത്കാലികമായി ബലപ്പെടുത്തി. ഇരുചക്രവാഹനങ്ങൾ അങ്ങനെ വീണ്ടും ഓടാൻ തുടങ്ങി.

പുത്തൻ പദ്ധതി ഇങ്ങനെ‌

പാലത്തിന്റെ നീളം - 125 മീറ്റർ‌

വീതി - 11 മീറ്റർ

ആകെ തുക- 60 കോടി

പുനരധിവാസത്തിന് - 48 കോടി

പാലം നിർമ്മിക്കാൻ - 12 കോടി

ആദ്യഗഡു - 18 കോടി

സ്ഥലവില - 9 - 11 ലക്ഷം

 കച്ചവടക്കാർക്കുള്ള പാക്കേജ്

കച്ചവടക്കാർക്ക് - 2 ലക്ഷം രൂപ

തൊഴിലാളികൾക്ക് - 5,000 രൂപ ( ആറു മാസം വരെ)

 നീളുന്ന സ്ഥലമെടുപ്പ്

സ്ഥലം ഏറ്റെടുക്കൽ വൈകുന്നത് പ്രധാന പ്രശ്നമാണ്. ആകെ 87 പേരുടെ സ്ഥലം ഏറ്റെടുക്കേണ്ടതിൽ അൻപതിലേറെ പേർ രേഖകൾ കൈമാറിക്കഴിഞ്ഞു. കച്ചവടക്കാരും ഒഴിയാൻ തയ്യാറാണ്. കച്ചവടക്കാർക്കും തൊഴിലാളികൾക്കുമായി പാക്കേജ് അംഗീകരിച്ചതോടെ പദ്ധതി ഇനി വല്ലാതെ വൈകില്ലെന്ന പ്രതീക്ഷയാണ് പൊതുവെ. എന്നാൽ, ആദ്യഗഡുവായി അനുവദിച്ച 18 കോടി രൂപ ഇതുവരെ വിനിയോഗിക്കാൻ സാധിച്ചിട്ടില്ല.

 വലിയ പാലമായാൽ

യാത്ര എളുപ്പം
മീഞ്ചന്ത - അരയിടത്തുപാലം മിനി ബൈപാസിൽ നിന്ന് ഏറ്റവും എളുപ്പത്തിൽ കോഴിക്കോട് നഗരത്തിലേക്ക് കടക്കാൻ കഴിയുമെന്നതാണ് പുതിയപാലത്ത് വലിയ പാലം വന്നാലുള്ള മെച്ചം. നഗരത്തിലെ തിരക്ക് ഒഴിവാക്കി റെയില്‍വേ സ്റ്റേഷനിലേക്കും പാളയം, മിഠായിത്തെരുവ് ഭാഗങ്ങളിലേക്കും വേഗത്തിലെത്താം.