കൽപ്പറ്റ: ജനിച്ച മണ്ണിൽ നിന്ന് ആട്ടിപ്പായിക്കാമെന്ന് ആരും കരുതേണ്ടെന്ന് സമസ്ത വൈസ് പ്രസിഡന്റും വയനാട് ജില്ലാ ഖാസിയുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. സമസ്ത വയനാട് ജില്ലാ കോഓർഡിനേഷൻ കമ്മിറ്റി പൗരത്വ നിയമഭേദഗതിക്കെതിരെ കൽപ്പറ്റയിൽ സംഘടിപ്പിച്ച ആസാദി കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയാണ് പൗരന്റെ അസ്ഥിത്വം വ്യക്തമാക്കുന്നത്. മുൻ ഭരണ കർത്താക്കളെല്ലാം ഭരണഘടന കാത്തുസൂക്ഷിച്ചത് കൊണ്ടാണ് നമ്മൾ സുരക്ഷിതരായി ജീവിച്ച് പോന്നത്. ഭരണഘടനയെ വക്രീകരിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ബോധപൂർവമായ ശ്രമമാണ് നടത്തുന്നത്. ഭരണഘടന നിലനിൽക്കുന്നിടത്തോളം സ്വന്തം രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമം വിജയിക്കില്ല.
ഈ വിവാദ നിയമത്തിനെതിരെ ആരുടെയും ആഹ്വാനമില്ലാതെയാണ് എല്ലാവരും സമരരംഗത്തിറങ്ങിയത്. അതുകൊണ്ടുതന്നെ ഈ സമരം വിജയം കാണുമെന്നും ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.
സമ്സത കോഓർഡിനേഷൻ ജില്ലാ ചെയർമാൻ പിണങ്ങോട് അബൂബക്കർ അദ്ധ്യക്ഷനായി. സമസ്ത ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി ഭരണഘടനയുടെ ആമുഖം വായിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാർ, കേന്ദ്ര മുശാവറ അംഗം വി മൂസക്കോയ മുസ്ലിയാർ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. കോഓർഡിനേഷൻ കൺവീനർ പി.സി ഇബ്റാഹീം ഹാജി സ്വാഗതവും ഇബ്രാഹീം ഫൈസി പേരാൽ നന്ദിയും പറഞ്ഞു.