മേപ്പാടി: സൗത്ത് വയനാട് ഡിവിഷൻ, മേപ്പാടി റെയ്ഞ്ച് പരിധിയിൽ വരുന്ന കനേഡിയൻകുണ്ട് ഭാഗത്തു നിന്ന് ചന്ദന മരങ്ങൾ മുറിച്ചു കടത്തിയ കേസ്സിലെ പ്രതി വനം വകുപ്പിന്റെ പിടിയിലായി.
വയനാട് കുന്നമ്പറ്റ സ്വദേശി സെയ്ത് എന്ന സെയ്തലവി (52) ആണ് പിടിയിലായത്. പ്രതിയുടെ പക്കൽ നിന്ന് ചന്ദനം മുറിക്കുന്നതിനും ചെത്തിയൊരുക്കുന്നതിനുമുളള ആയുധങ്ങളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.

വനഭൂമിയിലും സ്വകാര്യ സ്ഥലങ്ങളിലുമുളള ചന്ദന മരങ്ങൾ മുറിച്ചു കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നും കൂട്ടു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ബാബുരാജ് അറിയിച്ചു. പ്രതിയെ കൽപ്പറ്റ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായ കെ. ബാബുരാജ്, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി. അഭിലാഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.എം ബാബു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിബിൻ, രമേഷ്‌കുമാർ, അനില രമണൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.