കോഴിക്കോട്: ജില്ലയുടെ സമഗ്ര വികസനത്തിന് നൂതന പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്. 2020 - 21 ഗ്രാമസഭ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതികൾ സംബന്ധിച്ച് ചർച്ച നടത്തി.
മുൻവർഷങ്ങളിൽ മാതൃകാപരമായി നടപ്പിലാക്കിയ പ്രോജക്ടുകളും ഈ വർഷം പരിഗണിക്കേണ്ട നിർദ്ദേശങ്ങളും ഉൾപ്പെടുത്തി ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് പദ്ധതികൾ ആവിഷ്‌കരിക്കാൻ ഗ്രാമസഭ തീരുമാനിച്ചു. ഉത്തരവാദിത്ത ടൂറിസം പദ്ധതിയിൽ ഓരോ പഞ്ചായത്തും ഓരോ പദ്ധതി ആവിഷ്‌ക്കരിക്കണമെന്നും സാദ്ധ്യമായ സ്ഥലങ്ങളില്‍ ജില്ലാ പഞ്ചായത്ത് കൂടി പദ്ധതി ആവിഷ്‌കരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു.
അടുത്ത വർഷത്തെ പദ്ധതിയിൽ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രികൾ, ഫാമുകൾ, ചില വിദ്യാലയങ്ങളെ കൂടി ഉൾപ്പെടുത്തി സൗരോർജ്ജ പാനൽ സ്ഥാപിച്ച് വൈദ്യുതി ഉത്പാദനം വിപുലീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
നവകേരള സൃഷ്ടിക്കായി സമഗ്രവികസനം ലക്ഷ്യം വച്ചു നടപ്പു സാമ്പത്തിക വർഷത്തെ പദ്ധതി നിർവഹണം നടക്കുകയാണ്. തകർന്ന മേഖലകൾ പുനരുജ്ജീവിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ലഭ്യമായ ഫണ്ട് പൂർണമായും വിനിയോഗിക്കേണ്ടതുണ്ട്.
കൊടിയ വരൾച്ച, മഴക്കെടുതി, പ്രളയം, കടലാക്രമണം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാനാവശ്യമായ ദുരന്തനിവാരണ മാനേജ്‌മെന്റ് പ്രവർത്തനങ്ങൾ കൂടി വിഭാവനം ചെയ്തു കൊണ്ടാണ് ആസൂത്രണം നിർവഹിക്കേണ്ടതെന്നും ഏപ്രിൽ മാസം മുതൽ തന്നെ നിർവഹണം നടത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
നടപ്പ് പദ്ധതി നിർവഹണത്തിൽ ജില്ലാ പഞ്ചായത്ത് 38 ശതമാനം ഫണ്ട് ചെലവഴിച്ചു. സംസ്ഥാനതലത്തിൽ നാലാം സ്ഥാനത്താണ്. ഏറ്റെടുത്ത പദ്ധതികളെല്ലാം മാർച്ച് 31നകം പൂർത്തീകരിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഗ്രാമസഭയിൽ നിർദേശം നൽകി.
ജില്ലയിലെ 70 ഗ്രാമ പഞ്ചായത്തിലെയും 12 ബ്ലോക്ക് പഞ്ചായത്തിലെയും അംഗങ്ങൾ ജില്ലാ ആസൂത്രണ സമിതിയുടെ മാർഗനിർദ്ദേശങ്ങൾ പദ്ധതി രൂപീകരണത്തിന് സഹായകമാവുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.
ഗ്രാമസഭ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ജി.ജോർജ് പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്‌സൺ സുജാത മനയ്ക്കൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.കെ.സജിത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഹമ്മദ് പുന്നക്കൽ, എ.കെ.ബാലന്‍ തുടങ്ങിയവർ പങ്കെടുത്തു. മുക്കം മുഹമ്മദ് സ്വാഗതവും വി.ബാബു നന്ദിയും പറഞ്ഞു.
ഫണ്ട് വിനിയോഗം
ഇതിനകം
38
ശതമാനം
സംസ്ഥാനത്ത്
4-ാം
സ്ഥാനം