16 പേർ കൂടി ജില്ലയിൽ നിരീക്ഷണക്കാലയളവ് പൂർത്തിയാക്കി

കൽപ്പറ്റ: ജില്ലയിൽ കൊറോണ പ്രതിരോധ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 50 ആയി കുറഞ്ഞു. സിങ്കപ്പൂരിൽ നിന്നെത്തിയ 2 പേർ പുതുതായി നിരീക്ഷണത്തിലുണ്ട്. 16 പേർ കൂടി നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

നേപ്പാൾ, സൗദി, ജർമനി, യു.എസ്.എ, ഹോങ്കോങ്ങ്,.യു.എ.ഇ തുടങ്ങിയ ലോ റിസ്‌ക് കാറ്റഗറി രാജ്യങ്ങളിൽ നിന്നെത്തുവരെ ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ തൽക്കാലം കൊറോണ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് പുതുക്കിയ മാനദണ്ഡങ്ങൾക്ക് വിധേയമായാണ് നിരീക്ഷണത്തിൽ ഇളവ് അനുവദിച്ചത്.

സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
കൽപ്പറ്റ: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ വയോശ്രീ യോജനയുടെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുതിർന്ന പൗരന്മാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. ജില്ലാ കളക്ടർ അദീല അബ്ദുളള വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യനീതി വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയുടെ നിർവ്വഹണം നടത്തുന്നത് ആർട്ടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിംങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ആണ്. ജില്ലയിലെ 3 ബ്ലോക്കുകളിൽ ക്യാമ്പുകൾ നടത്തി 456 ഗുണഭോക്താക്കളെ കണ്ടെത്തി അതിൽ നിന്ന് യോഗ്യതയനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് സഹായ ഉപകരണങ്ങൾ നൽകിയത്. ശാരീരികമായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്കായി വീൽചെയർ, കണ്ണട, ഹിയറിംഗ് എയ്ഡ്, വാക്കിംങ് സ്റ്റിക്ക് തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.
കൽപ്പറ്റ മുനിസിപ്പൽ ടൗൺഹാളിൽ നടന്ന പരിപാടിയിൽ കൽപ്പറ്റ മുനിസിപ്പൽ ചെയർപേഴ്സൺ സനിത ജഗദീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനില തോമസ്, കൽപ്പറ്റ മുനിസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.രാധാകൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക, ജില്ലാ സാമൂഹ്യനീതി ഓഫീസർ എം.കെ. മോഹനദാസ്, അലിംകോ അസിസ്റ്റന്റ് മാനേജർ പി.വി. സാംസൺ, ജില്ലാ സാമൂഹ്യനീതി സൂപ്രണ്ട് വി.സി സത്യൻ എന്നിവർ സംസാരിച്ചു.

( ചിത്രം)