നന്മണ്ട: കണ്ടി കുന്നുമ്മൽ മലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെ മലയോര കർഷകർക്ക് തീരാദുരിതം. ഈ ഭാഗത്തെ കാർഷിക വിളകളെല്ലാം പാടെ നശിപ്പിച്ച നിലയിലാണ്. വായ്പയെടുത്ത് കൃഷിയിറക്കിയ കർഷകർക്ക് നഷ്ടത്തിന്റെ ആഘാതം മാത്രമല്ല. തിരിച്ചടവിന് വഴി കാണാതെ നട്ടംതിരിയുകയാണ് മിക്കവരും.
വിളവെടുക്കാറായ ചേന, ചേമ്പ്, മഞ്ഞൾ, ഇഞ്ചി, കപ്പ ഇവയെല്ലാം നശിപ്പിച്ച കൂട്ടത്തിൽ പെടും. കൃഷിയിടങ്ങൾ പലതും കുത്തിക്കിളച്ച പരുവത്തിലാക്കിയിരിക്കുകയാണ് കാട്ടുപന്നിക്കൂട്ടം.
തേനാക്കുഴി, കരുമല ഭാഗങ്ങളിലും കാട്ടുപന്നികളുടെ വിളയാട്ടത്തിൽ നിരവധി പേരുടെ കൃഷിയിടങ്ങൾ ഏതാണ്ട് പൂർണമായും നശിച്ചിരുന്നു. അവിടങ്ങളിൽ തെങ്ങിൻതൈകളും അതിക്രമത്തിനിരയായി.
സംഘം മുഖേന വായ്പ എടുത്ത് കൃഷിയിറക്കിയവരാണ് കണ്ടി കുന്നുമ്മൽ മലയിൽ കൂടുതലും. കാട്ടുപന്നികളുടെ ശല്യത്തിന് ഇന്നത്തെ സാഹചര്യത്തിൽ ശാശ്വത പരിഹാരം പ്രതീക്ഷിക്കാനാവില്ലെന്നിരിക്കെ, എന്തു ധൈര്യത്തിൽ ഇടവിള കൃഷി ചെയ്യുമെന്ന ചോദ്യമാണ് കർഷകരുടേത്. വരുമാനമാർഗമടഞ്ഞ സാധാരണക്കാർ ആകെ വിഷമവൃത്തത്തിലാണ്.
ചിലയിടങ്ങളിൽ ആളുകൾക്കു നേരെയും കാട്ടുപന്നികൾ അക്രമത്തിന് തുനിയുന്നുണ്ട്. കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ മുന്നിലകപ്പെട്ട കണ്ടി കുന്നുമ്മൽ രവി തലനാരിഴവ്യത്യാസത്തിനാണ് രക്ഷപ്പെട്ടത്. വെളുപ്പിന് നടക്കാനിറങ്ങിയ വിമുക്തഭടൻ ചന്ദ്രൻ നായർ കൂളിപ്പൊയിൽ - കൊല്ലിയിൽതാഴം റോഡിൽ വെച്ച് കാട്ടുപന്നിയുടെ മുന്നിൽ പെട്ടെങ്കിലും ഒരു വിധത്തിൽ രക്ഷപ്പെടുകയായിരുന്നു. കാട്ടുപന്നി ആക്രമിക്കാനൊരുങ്ങി പാഞ്ഞടുത്തപ്പോൾ ബഹളം വെച്ചതോടെ പന്നി ഓടി മറയുകയാണുണ്ടായത്.
പലരും രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാൻ പേടിക്കുകയാണ്. എസ്.എസ് എൽ.സി നൈറ്റ് ക്ലാസിന് പോകുന്ന വിദ്യാർത്ഥികൾ മടങ്ങുന്നത് അടങ്ങാത്ത ഭീതിയിൽ ജീവനും കൈയിൽ പിടിച്ചാണ്.