nsti

കോഴിക്കോട്: കോഴിക്കോട് നാഷണൽ സ്‌കിൽ ട്രെയിനേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എൻ.എസ്.ടി.ഐ) അടിസ്ഥാന വികസനത്തിന് കേന്ദ്ര സർക്കാർ പച്ചക്കൊടി കാണിക്കുമെന്ന് സൂചന. കേന്ദ്ര നൈപുണ്യ വികസന മന്ത്രി മഹേന്ദ്രനാഥ് പാണ്ഡെയുമായി എം.കെ. രാഘവൻ എം.പിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അനുകൂലമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി.

 നാലുപതിറ്റാണ്ടിന്റെ കാത്തിരിപ്പ്

1981ൽ മോഡൽ ഐ.ടി.ഐയായി തുടങ്ങിയ സ്ഥാപനത്തെ 2014ൽ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ ഡയറക്ടറേറ്റ് ജനറലിന് കീഴിൽ നാഷണൽ സ്‌കിൽ ട്രെയിനേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടാക്കി (എൻ.എസ്.ടി.ഐ) ഉയർത്തി. തുടർന്ന് അസിസ്റ്റന്റ് ഡയറക്ടർ, ട്രെയിനിംഗ് ഓഫീസർ എന്നീ ത‌സ്‌തികകൾ സൃഷ്‌ടിച്ചു. എന്നാൽ ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ, വൊക്കേഷണൽ ഇൻസ്ട്രക്ടർ, ടെക്‌നിക്കൽ സ്റ്റാഫ്, ക്ലറിക്കൽ എന്നീ ഒഴിവുകൾ നികത്തിയില്ല. 2018ൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കോഴിക്കോട് എൻ.എസ്.ടി.ഐ സന്ദർശിച്ച് അടിസ്ഥാന സൗകര്യവികസനം, നിയമനങ്ങൾ എന്നിവ സംബന്ധിച്ച് വിശദ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

കോഴിക്കോടിന്റെ പ്രതീക്ഷകൾ

 2018 റിപ്പോർട്ട് പ്രകാരം അഗീകരിച്ച ഒഴിവുകൾ നികത്തുക

 ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകൾ തുടങ്ങുക

 40 കോടി പ്രതീക്ഷിക്കുന്ന ഓഫീസ് സമുശ്ചയമുൾപ്പെടെയുള്ള കെട്ടിടം

 60 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന സോളാർ പാനലുകൾ

 സ്റ്റാഫ് ക്വട്ടേഴ്‌സ് നിർമ്മാണം

 ഗതാഗത സൗകര്യം മെച്ചപ്പെടുത്തൽ

'നിലവിൽ ആയിരക്കണക്കിന് അദ്ധ്യാപകർ പരിശീലത്തിനായി ഇതര സംസ്ഥാനങ്ങളിൽ പോകേണ്ട അവസ്ഥയാണുള്ളത്. എന്നാൽ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ടിന് മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭിച്ചാൽ ഇവർക്ക് ഇതൊഴിവാക്കാമെന്ന വസ്തുത മന്ത്രിയെ ധരിപ്പിച്ചു".

- എം.കെ. രാഘവൻ എം.പി

'മോദി സർക്കാർ കോഴിക്കോട് എൻ.എസ്.ടി.ഐയോട് അനുഭാവപൂർണമായ സമീപനമാണ് സ്വീകരിക്കുന്നത്. 2018ൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കോഴിക്കോട് എൻ.എസ്.ടി.ഐ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എല്ലാ ആവശ്യങ്ങളും സമയ ബന്ധിതമായി നടപ്പിലാക്കാമെന്ന കോഴിക്കോട് എം.പിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

- മഹേന്ദ്രനാഥ് പാണ്ഡെ,

കേന്ദ്ര നൈപുണ്യ വികസന മന്ത്രി