കൽപ്പറ്റ: ദേശീയപാത 766 ലെ സമ്പൂർണ്ണ യാത്ര നിരോധന നീക്കത്തിനെതിരെ രൂപീകരിച്ച സർവ്വകക്ഷി സമരസമിതിയുടെ ചെയർമാൻ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുകയാണെന്ന് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി. ഈ മേഖലയിലെ യാത്രാ നിരോധനം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കേരളവും കേന്ദ്രവും കർണ്ണാടകയും കോൺഗ്രസ്സ് (ഐ) ഭരിക്കുന്ന കാലത്ത് തുടങ്ങിയതാണ്.

ആർക്കെതിരായിട്ടാണെങ്കിലും ജനങ്ങളുടെ യോജിച്ച പ്രക്ഷോഭമാണ് ആവശ്യം എന്ന് പ്രഖ്യാപിപിച്ച് കൊണ്ടാണ് ബത്തേരി ബഹുജനസമരം ആരംഭിച്ചത്. എല്ലാ വിഭാഗത്തിൽപെട്ട ജനങ്ങളുടെയും യോജിപ്പും പ്രക്ഷോഭത്തിനുണ്ടായിരുന്നു. കക്ഷി രാഷ്ട്രീയ ഭേദമെന്യേ വളർന്നുവന്ന പ്രക്ഷോഭങ്ങളുടെയും അതിന് നേതൃത്വം നൽകുന്ന സമരസമിതിയുടെയും കടയ്ക്കൽ കത്തിവെക്കുന്ന സമീപനമാണ് ഐ.സി ബാലകൃഷ്ണൻ സ്വീകരിച്ചിട്ടുള്ളത്.

ഫെബ്രുവരി 20 ന് സുപ്രീം കോടതി ഇത് സംബന്ധിച്ച കേസ് പരിഗണിക്കാനിരിക്കെയാണ് രാഷ്ട്രീയലക്ഷ്യത്തോടെ സമരസമിതി ചെയർമാൻ സ്ഥാനം രാജിവെച്ചിരിക്കുന്നത്. സമരസമിതി വിളിച്ച് ചേർക്കാൻ ഉത്തരവാദിത്വപ്പെട്ടയാൾ അതിന് തയ്യാറാകാതെ ഏകപക്ഷീയമായി രാജിവെച്ചത് ജനവഞ്ചനയാണ്. കേന്ദ്രവും കർണ്ണാടകയും ഭരിക്കുന്ന ബി.ജെ.പിക്കെതിരെ ഒരക്ഷരം ഉരിയാടാൻ എം.എൽഎ തയ്യാറായിട്ടില്ല. വയനാട് എം.പിയെ ഈ പ്രശ്നത്തിൽ ഇടപെടുവിപ്പിക്കുന്നതിന് പകരം കള്ളപ്രചരണം അഴിച്ചുവിടുകയാണെന്നും എൽ.ഡി.എഫ് കുറ്റപ്പെടുത്തി.