surgery

കോഴിക്കോട്: ജില്ലയിൽ ആദ്യമായി അലോജനിക് അസ്ഥിമജ്ജ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി മേയ്‌ത്ര ഹോസ്‌പിറ്റലിൽ ചരിത്രം കുറിച്ചു. അക്യൂട്ട് ലുക്കീമിയ ബാധിച്ച മലപ്പുറം സ്വദേശിക്കാണ് കൺസൾട്ടന്റ് - ഹെമറ്റോളജി ആൻഡ് ബോൺമാരോ ട്രാൻസ്‌പ്ലാന്റ് ഡോ. ഗോവിന്ദ് എരിയട്ടിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തിയത്.

അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ (ഹൈറിസ്‌ക് എ.എം.എൽ) ബാധിച്ച് കോശങ്ങൾ പ്രവർത്തനരഹിതമായ രോഗി‌യ്‌ക്കാണ് ചികിത്സ നൽകിയതെന്ന് ഡോ. ഗോവിന്ദ് എരിയട്ട് നായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രക്തത്തിൽ പഴുപ്പും അണുബാധയും (സെപ്റ്റിസീമിയ) വന്ന രോഗിക്ക് ആദ്യഘട്ടത്തിൽ ഇൻഡക്ഷൻ കീമോതെറാപ്പിയാണ് ആരംഭിച്ചത്. ഒരുമാസത്തെ ചികിത്സയിലൂടെ രോഗം നിയന്ത്രണവിധേയക്കിയ ശേഷം അസ്ഥിമജ്ജ മാറ്റിവെച്ചു. രോഗിയുടെ സഹോദരിയുടെ അസ്ഥിമജ്ജ കോശങ്ങളാണ് മാറ്റിവെച്ചത്. 40 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം രോഗി വീട്ടിലേക്ക് മടങ്ങി. വാർത്താസമ്മേളനത്തിൽ മേയ്‌ത്ര ഹോസ്‌പറ്റൽ സി.ഇ.ഒ ഫൈസൽ സിദ്ദിഖിയും പങ്കെടുത്തു.