day-care

കോഴിക്കോട്: വനിത-ശിശുവികസന വകുപ്പിന്റെ ഐ.സി.പി.എസ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് അങ്കണവാടി കം ക്രഷെകൾ വരുന്നു. പൈലറ്റ് അടിസ്ഥാനത്തിൽ 15 അങ്കണവാടി കം ക്രഷെകളാണ് തുടങ്ങുന്നത്. ക്രഷെ വർക്കർമാരുടേയും ഹെൽപ്പർമാരുടേയും ഓണറേറിയം, പോഷകാഹാരം, കെയർ ഐറ്റംസ്, പരിശീലനം എന്നിവയ്‌ക്കായി 20.59 ലക്ഷം രൂപയും അനുവദിച്ചു. ജില്ലയിൽ പേരാമ്പ്രയിലെ 164-ാം നമ്പർ അങ്കണവാടി ക്രഷെയാക്കി ഉയർത്തും. ശിശുക്ഷേമ സമിതിയ്‌ക്ക് കീഴിലുള്ള ക്രഷെകളെ സംയോജിപ്പിച്ചാണ് അങ്കണവാടി കം ക്രഷെകളൊരുക്കുന്നത്.

 എന്താണ് അങ്കണവാടി കം ക്രഷെ

അമ്മമാർ ജോലിക്ക് പോകുമ്പോൾ ഇവരുടെ ആറ് മാസം മുതൽ ആറ് വയസ് വരെയുള്ള കുട്ടികളെ പല വീട്ടുകാർക്കും നന്നായി നോക്കാൻ കഴിയാറില്ല. ഇത് പരിഹരിക്കാനാണ് അങ്കണവാടി കം ക്രഷെ ഒരുക്കുന്നത്. സംഘടിത, അസംഘടിത, കാർഷിക മേഖലകളിലെ സ്ത്രീകളുടെ കുഞ്ഞുങ്ങളെ പകൽ സമയത്ത് സുരക്ഷിതമായി പരിചരിക്കുക, ആരോഗ്യപോഷണ നിലവാരം ഉയർത്തുക, ബൗദ്ധിക, വൈകാരിക, ശാരീരിക വികാസത്തിന് അടിത്തറ പാകുക എന്നിവയാണ് ലക്ഷ്യം. പകൽ സമയത്ത് സുരക്ഷിത പരിചരണം, അനുപൂരക പോഷകാഹാരം, ആരോഗ്യ പരിശോധന, പ്രതിരോധം, പ്രീ സ്‌കൂൾ പ്രവർത്തനം എന്നിവ ഉറപ്പാക്കും.

പ്രവർത്തനം

 രാവിലെ എട്ടു മുതൽ വൈകിട്ട് ആറു വരെ

 ജീവനക്കാർക്ക് അമിതഭാരം ഒഴിവാക്കാൻ അങ്കണവാടി വർക്കറും ഹെല്പറും

 ക്രഷ് വർക്കറുടെയും ഹെല്പർമാരുടെയും സേവനം ഷിഫ്ട് അടിസ്ഥാനത്തിൽ

 കുഞ്ഞുങ്ങൾക്ക് പോഷകമൂല്യങ്ങളുള്ള ഭക്ഷണം മൂന്ന് നേരം നൽകും

 എന്തുകൊണ്ട് ക്രഷെ

ജോലിക്ക് പോകുന്ന അമ്മമാരുള്ള ആറ് മാസം മുതൽ ആറ് വയസ് വരെയുള്ള കുട്ടികൾക്ക് പരിചരണം ഉറപ്പാക്കാൻ അങ്കണവാടിയോടൊപ്പം ക്രഷെ തുടങ്ങണമെന്ന് ഐ.സി.ഡി.എസ് മിഷൻ വ്യവസ്ഥ ചെയ്‌തിരുന്നു. വനിതകളുടെ സ്റ്റിയറിംഗ് കമ്മിറ്റിയും പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി സ്റ്റിയറിംഗ് കമ്മിറ്റിയും ഇക്കാര്യം ശുപാർശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അങ്കണവാടി കം ക്രഷെകൾ തുടങ്ങുന്നത്.

'പഞ്ചായത്തുകളുമായി സഹകരിച്ചാണ് അങ്കണവാടി കം ക്രഷെകൾ യാഥാർത്ഥ്യമാക്കുന്നത്. പദ്ധതി വിജയിച്ചാൽ കൂടുതൽ അങ്കണവാടി കം ക്രഷെകൾ ആരംഭിക്കും".

- കെ.കെ. ശൈലജ, ആരോഗ്യമന്ത്രി