കോഴിക്കോട്: രണ്ടു ട്രെയിനുകളിലെ എ.സി കോച്ചിൽ നിന്നായി 18 ലക്ഷത്തോളം രൂപയുടെ സ്വർണ - വജ്രാഭരണങ്ങൾ കവർന്ന കേസിൽ അന്വേഷണം ചെന്നൈയിലേക്ക് വ്യാപിപ്പിച്ചു. ശാസ്ത്രീയമായി തെളിവുകൾ ശേഖരിക്കുന്ന പൊലീസ് സംഘം രണ്ടു ദിവസം ചെന്നൈയിൽ തങ്ങും.
ട്രെയിനിലെ സ്ഥിരം കവർച്ചക്കാരിലൂന്നിയാണ് പാലക്കാട് റെയിൽവേ പൊലീസ് ഡിവൈ.എസ്.പി എ.ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം നീങ്ങുന്നത്. സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട ചെന്നൈ സ്വദേശിനി നേരത്തേ ആഭരണങ്ങളുടെ ഫോട്ടോ എടുത്തു സൂക്ഷിച്ചിരുന്നു. ഗോർഡ് മർച്ച്ന്റ്സ് അസോസിയേഷൻ മുഖേന പൊലീസ് സംഘം ഇത് എല്ലാ ജുവലറികൾക്കും കൈമാറിയിട്ടുണ്ട്.
വിവിധ റെയിൽവേ സ്റ്റേഷനുകളിലെ സി.സി.ടിവികൾ പരിശോധിച്ചു വരികയാണ്. പക്ഷേ, ചെന്നൈയിൽ നിന്ന് ഈറോഡ് വരെയുള്ള സ്റ്റേഷനുകളിലേതു മാത്രമേ മുടങ്ങാതെ പ്രവർത്തിക്കുന്നുള്ളു. കവർച്ച നടന്ന രണ്ടു ട്രെയിനുകളിലെയും യാത്രക്കാരുടെ പൂർണ്ണ വിവരം ലഭിക്കാൻ ഇനിയും ദിവസങ്ങളെടുക്കും. ടിക്കറ്റ് ബുക്ക് ചെയ്തവരുടെ വിവരങ്ങളും ഫോൺ നമ്പറും ശേഖരിച്ചിട്ടുണ്ട്. യാത്ര ചെയ്തവർ ആരെല്ലാമെന്നത് സംബന്ധിച്ച വിവരങ്ങൾ ചെന്നൈയിൽ നിന്നു ലഭ്യമാവാൻ രണ്ടാഴ്ചയെങ്കിലുമെടുക്കും..
രണ്ടു ട്രെയിനുകളിലും ഒരേ ദിവസം മോഷണം നടന്നത് യാദൃച്ഛികമാണെന്നും രണ്ടു സംഭവങ്ങൾക്കു പിന്നിലും ഒരേ സംഘമല്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ചെന്നൈ - മംഗലാപുരം എക്സ് പ്രസിലെ യാത്രക്കാരിയിൽ നിന്ന് 15 ലക്ഷം രൂപയുടെ ആഭരണങ്ങളും 22,000 രൂപയുമാണ് മോഷണം പോയത്. മലബാർ എക്സ് പ്രസിലെ യാത്രക്കാരിക്ക് നഷ്ടമായത് ഒമ്പതര പവൻ സ്വർണാഭരണവും രേഖകളുമാണ്.