rebon

വടകര: ജനകീയ പങ്കാളിത്തത്തോടെ വടകര ബ്ലോക്ക് പഞ്ചായത്ത് തുടക്കമിട്ട റീ ബോൺ പദ്ധതി മറ്റു തദ്ദേശ സ്ഥാപനങ്ങൾക്ക് മാതൃകയാവുന്നു. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ചികിത്സാസൗകര്യം ഒരുക്കുന്നതിനു പുറമെ ജീവിതോപാധി കണ്ടെത്താൻ പരിശീലനം നൽകുകയുമാണ് ഈ പദ്ധതിയിലൂടെ.

18 വയസ് വരെയുള്ളവർക്ക് ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഫിസിയോതെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി എന്നീ പരിചരണം കൃത്യതയോടെ തുടരുന്നുണ്ട്. 18 ന് മുകളിൽ പ്രായമുള്ളവർക്കായാണ് സ്വയംതൊഴിൽ പരിശീലനകേന്ദ്രം. ബ്ലോക്ക് ഓഫീസിനോടു ചേർന്ന് സൗകര്യപ്രദമായ കെട്ടിടത്തിൽ വിവിധ ഉപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം നൽകിവരികയാണ്. പൂച്ചട്ടി, പേപ്പർ പെൻ, തുണി സഞ്ചികൾ, ഹാൻഡ് വാഷ് ലോഷൻ, ബോട്ടിൽ ക്രാഫ്റ്റ്, ഫിനോയിൽ നിർമ്മാണം, വിവിധ തരം കമ്മലുകൾ, പെയ്‌ന്റിംഗുകൾ, പെയിന്റിംഗ് ഫ്രെയിം, നോട്ട് പാഡുകൾ തുടങ്ങിയവയുടെ നിർമ്മാണത്തിലാണ് പരിശീലനം നൽകുന്നത്. ഇപ്പോൾ 31 പേർ പരിശീലനത്തിലുണ്ട്. പരിശീലകരായി രമേശൻ അപർണ എന്നിവരും സഹായികളായി സിന്ധു, ഗീത എന്നിവരുമുണ്ട് ഇവിടെ.

സമഗ്ര വയോജന പരിപാലനം, സ്ത്രീകൾക്കായുള്ള വീ ക്യൂൻ, കാർഷിക മേഖലയിലെ ജൈവസമൃദ്ധി തുടങ്ങി വ്യത്യസ്ത പദ്ധതികൾക്ക് പിറകെയാണ് വടകര ബ്ലോക്ക് റീ ബോൺ പദ്ധതി ആവിഷ്കരിച്ചത്. നേരത്തെ ആർട്ട് ഗാലറിയ്ക്കും തുടക്കമിട്ടിരുന്നു.

''ശാരീരിക മാനസിക വെല്ലുവിളികളാൽ പ്രയാസപ്പെടുന്നവർക്ക് ഉപജീവനമാർഗം കണ്ടെത്താൻ സഹായകമാവുന്ന പരിശീലനമാണ് റീ ബോൺ പദ്ധതിയിലൂടെ നൽകുന്നത്. ഭിന്നശേഷിക്കാരെ സ്വയംപര്യാപ്തരാക്കാൻ ഇതുവഴി കഴിയുമെന്ന പ്രതീക്ഷയുണ്ട്.

- കോട്ടയിൽ രാധാകൃഷ്ണൻ,

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്