ഇയ്യാട്: വീര്യമ്പ്രം അങ്ങാടിയിലെ വളവിൽ റോഡിനോട് ചേർന്നുള്ള കെ.എസ്.ഇ.ബിയുടെ ട്രാൻസ്‌ഫോർമർ യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. റോഡിലൂടെയുള്ള കാൽനടയാത്രക്കാർ അറിയാതെ കൈ ഒന്ന് നീട്ടിയാൽ ട്രാൻസ്‌ഫോർമറിൽ തട്ടും. വാഹനങ്ങൾ സൈഡ് കൊടുത്താലും അപകടം ഉറപ്പ്. വീതി കുറഞ്ഞ സ്ഥലവും വളവും അപകട സാദ്ധ്യത ഇരട്ടിപ്പിക്കുന്നു. പലപ്പോഴും ട്രാൻസ്‌ഫോർമറിലിടിക്കാതെ തലനാരിഴയ്‌ക്കാണ് യാത്രക്കാരും വാഹനങ്ങളും രക്ഷപ്പെടുന്നത്.
വളവിന്റെ ഏതെങ്കിലും ദിശയിൽ നിന്ന് വലിയ വാഹനങ്ങളടക്കമുള്ളവ എത്തിയാൽ കാൽനടക്കാർക്ക് മാറിനിൽക്കാൻ പോലും ഇടമില്ല. ഇയ്യാട് സി.സി.യു.പി.സ്‌കൂൾ, കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്‌കൂൾ, ഇയ്യാട് എം.ഐ.യു.പി.സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും നിരവധിയാത്രക്കാരും ദിവസം ഇതുവഴി നടന്നുപോകുന്നുണ്ട്. മഴക്കാലത്ത് റോഡിലൂടെ കുട ചൂടിപ്പോകുമ്പോൾ ട്രാൻസ്‌ഫോർമറിലെ ഫ്യൂസുകളിലോ വയയറുകളിലോ തട്ടി അപകടമുണ്ടാകാനും സാദ്ധ്യതയുണ്ട്. അപകടമൊഴിവാക്കുന്നതിന് ട്രാൻസ്ഫോർമറിന് ഇരുമ്പിന്റെ കവചം ഒരുക്കാൻ പോലും ഇവിടെ ഇടമില്ല.
വീര്യമ്പ്രം വളവിലെ അപക ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അതിനായി നാട്ടുകാർ നിരവധി തവണ ഓഫീസുകൾ കയറി ഇറങ്ങിയെങ്കിലും ഒന്നും നടന്നില്ല. ഇടയ്‌ക്ക് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ട്രാൻസ്‌ഫോർമറിന്റെ മുന്നിൽ രണ്ട് മൂന്ന് ചെറിയ പ്ലാസ്റ്റിക്ക് പൈപ്പുകൾ കൊണ്ടു വച്ചു. പിന്നെ തിരിഞ്ഞുപോലും നോക്കിയിട്ടില്ല. അപകടം വരുമ്പോൾ മാത്രം ഉണരുന്ന ഉദ്യോഗസ്ഥർ വീര്യമ്പ്രം വളവിലും അതിനായി കാത്തിരിക്കുകയാണോ എന്നാണ് നാട്ടുകാരുടെ ചോദ്യം. അടിയന്തരമായി ട്രോൻസ്‌ഫോർമർ മറ്റൊരിടത്തേക്ക് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം.
പതിയിരിക്കുന്ന അപകടങ്ങൾ പലത്
വളവായതിനാൽ ഡ്രൈവർമാർക്ക് ട്രാൻസ്ഫോർമർ കാണാൻ കഴിയില്ല
റോഡിലേക്ക് ഇറങ്ങിയിരിക്കുന്നതിനാൽ വാഹനാപകടത്തിന് സാദ്ധ്യത
റോഡിന്റെ വീതിക്കുറവ് അപകടസാദ്ധ്യത ഇരട്ടിപ്പിക്കുന്നു
ഇയ്യാട് സി.സി.യു.പി.സ്‌കൂൾ, കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്‌കൂൾ, ഇയ്യാട് എം.ഐ.യു.പി.സ്‌കൂളിലേക്കുള്ള വിദ്യാർത്ഥികൾ പോകുന്നത് ഇതുവഴി
ട്രാൻസ്‌ഫോർമറിന് കവചമൊരുക്കാനും കെ.എസ്.ഇ.ബി തയ്യാറാകുന്നില്ല