കൽപറ്റ: ദേശീയപാത 766 ഗതാഗത സംരക്ഷണ സമിതി ചെയർമാൻ സ്ഥാനം രാജിവച്ച ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ നടത്തിയത് ഒളിച്ചോട്ടമാണെന്ന് കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡന്റ് കെ.ജെ.ദേവസ്യ. ലക്ഷ്യം നേടുംവരെ സമിതിയിൽ പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സമിതിയെ അറിയിക്കാതെ അനവസരത്തിലാണ് ഐ.സിബാലകൃഷ്ണൻ ചെയർമാൻ സ്ഥാനം രാജിവച്ചത്.
രാത്രിയാത്ര നിരോധനത്തിനെതിരെ മുത്തങ്ങയിൽ ആദ്യ സമരം സംഘടിപ്പിച്ച സർവകക്ഷി സമിതിയിൽ നിന്ന് കോൺഗ്രസ് പിൻമാറുകയാണുണ്ടായത്. കോൺഗ്രസ് കേന്ദ്രവും കർണാടകവും കേരളവും ഭരിച്ച കാലത്ത് രാത്രയാത്ര വിലക്കു നീക്കുന്നതിന് നടപടി ഉണ്ടായില്ല. കർണാടകയിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ കേരളത്തിൽനിന്നുള്ള കോൺഗ്രസ് നേതാക്കളായ എ.കെ.ആന്റണി, വയലാർ രവി, കെ.സി.വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്ലിംലീഗ് നേതാവ് ഇ.അഹമ്മദ് എന്നിവർ കേന്ദ്ര മന്ത്രിമാരായിരുന്നു. കേരളത്തിൽ ഉമ്മൻചാണ്ടിയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര വനംപരിസ്ഥിതി, ദേശീയപാത, റെയിൽവേ വകുപ്പുകളുടെ തലപ്പത്തു കോൺഗ്രസ് നേതാക്കളായിരുന്നു. ഇവർ മനസ്സുവച്ചിരുന്നുവെങ്കിൽ രാത്രിയാത്രാനിരോധനം നീക്കാമായിരുന്നുവെന്ന് ദേവസ്യ അഭിപ്രായപ്പെട്ടു.
ആക്ഷൻ കമ്മിറ്റിയിൽ വിള്ളലുണ്ടാക്കി കക്ഷിരാഷ്ട്രീയം കളിക്കുന്നത് അനീതിയാണ്.കണ്ണൂർ വിമാനത്താവളത്തെയും മാനന്തവാടി മേഖലയിലെ റോഡുകളെയും ദേശീയപാത 766ലെ രാത്രിയാത്ര നിരോധനവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും ദേവസ്യ പറഞ്ഞു.