കൽപ്പറ്റ: കോഴിക്കോട്-കൊല്ലഗൽ ദേശീയപാത 766 ലെ കൈനാട്ടി ജംഗ്ഷൻ നവീകരണത്തിന് വഴിയൊരുങ്ങി. ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകും.
കേരള റോഡ് സേഫ്റ്റി ഫണ്ടിൽ നിന്ന് 1.29 കോടി രൂപ ചെലവിട്ടാണ് പൊതുമരാമത്ത് ദേശീയപാത വിഭാഗം ജംഗ്ഷൻ നവീകരണം നടത്തുക. പ്രാഥമിക നടപടികൾ തുടങ്ങിയതായി ദേശീയ പാത വിഭാഗം അറിയിച്ചു.
നിലവിലെ റോഡ് വീതികൂട്ടിയാണ് നവീകരണം നടത്തുക. മഴക്കാലത്ത് വെള്ളം കുത്തിയൊഴുകി കാൽനട യാത്ര പോലും ദുഷ്‌കരമായ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. കുതിച്ചെത്തുന്ന വെളളം റോഡിലേക്ക് പതിക്കാതെ ഒഴുകി പോകുന്ന ഓവുചാലുകൾ ഇവിടെ നിർമ്മിക്കും.
പ്രതിദിനം മുപ്പത്തിയറായിരത്തോളം വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നതായി റോഡ് വിഭാഗം നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. ദേശീയ പാതയിൽ നിന്ന് മാനന്തവാടി റോഡിലേക്ക് തിരിയുന്ന കവല കൂടിയാണിത്. ജനറൽ ആശുപത്രി തുടങ്ങിയ ആരോഗ്യ കേന്ദ്രങ്ങളും ഒട്ടേറെ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന ഇവിടെ കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാനുള്ള പ്രത്യേക സൗകര്യങ്ങളും ഏർപ്പെടുത്തും. വാഹനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള സിഗ്നൽ സംവിധാനങ്ങളും ഇവിടെയുണ്ടാകും.
ബൈപ്പാസ് ജംഗ്ഷൻ വഴി കൂടുതൽ വാഹനങ്ങൾ കടത്തിവിടുന്നതോടെ കൽപ്പറ്റ നഗരത്തിലെ ഗതാഗതകുരുക്കിനും ഇതോടെ പരിഹാരമാകും.
സി.കെ ശശീന്ദ്രൻ എം.എൽ.എയുടെ ശ്രമവും പദ്ധതിക്ക് വേഗത്തിൽ അംഗീകാരം ലഭിക്കാൻ സഹായകരമായി. ലഭ്യമായ ഫണ്ട് ഉടൻ പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിന് കൈമാറുമെന്ന് ജില്ലാകളക്ടർ ഡോ.അദീല അബ്ദുളള അറിയിച്ചു.