കോഴിക്കോട്: ദേശീയ ചുഴലിക്കാറ്റ് അപകട സാദ്ധ്യത ലഘൂകരണ പദ്ധതിയുടെ ഭാഗമായി കസബ വില്ലേജ് ഓഫീസിനു സമീപം നിർമ്മിക്കുന്ന അഭയകേന്ദ്രത്തിനായി മേയർ ചെയർമാനായി സംരക്ഷണ കമ്മിറ്റി രൂപീകരിച്ചു.
1200 പേർക്ക് താമസിക്കാൻ സൗകര്യമുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. മേയർ തോട്ടത്തിൽ രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ നിർമ്മാണക്കമ്മിറ്റി രൂപീകണ യോഗം ചേർന്നു. സെക്രട്ടറി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും വില്ലേജ് ഓഫിസർ കൺവീനറുമാണ്. പൊലീസ്, ഫിഷറീസ്, ഇറിഗേഷൻ, കുടുംബശ്രീ, ഫയർഫോഴ്സ്, തുടങ്ങിയ വകുപ്പുകളെ സംയോജിപ്പിച്ചാണ് പ്രവർത്തനം.
മേയറുടെ ചേംബറിൽ നടന്ന യോഗത്തിൽ പൊലീസ്, ഫിഷറീസ്, ഇറിഗേഷൻ, ഫയർഫോഴ്സ് ഉദ്യോഗസ്ഥ തുടങ്ങിയവർ പങ്കെടുത്തു. സ്റ്റേറ്റ് കമ്മ്യൂണിറ്റി മൊബിലൈസർ കെ.ജെ. സിറിയക് പദ്ധതി വിശദീകരിച്ചു.
നിർമ്മാണം ഇങ്ങനെ
താഴത്തെ നില ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും മറ്റ് അസ്വസ്ഥതകളുള്ളവർക്കും ഉപയോഗിക്കാവുന്ന തരത്തിലാകും നിർമ്മിക്കു. ആദ്യ നില സ്ത്രീകൾക്കും രണ്ടാമത്തെ നില പുരുഷൻമാർക്കുമുള്ളതാണ്. മൂന്നാമത്തെ നിലയിൽ ജനറേറ്ററും മഴവെള്ള സംഭരണിയുമുണ്ടാകും.
നിർമ്മാണത്തിന്റെ 75 ശതമാനം ചെലവ് ലോകബാങ്കും 25 ശതമാനം സംസ്ഥാന സർക്കാറും വഹിക്കും. 30 പേരടങ്ങുന്ന ഫസ്റ്റ് എയ്ഡ്, ഷെൽട്ടർ മാനേജ്മെന്റ്, സെർച്ച് ആന്റ് റസ്‌ക്യു ദ്രുതകർമസേനയും രൂപീകരിക്കും. ഇവർക്കായി വിദഗ്ദ്ധ പരിശീലനം നൽകും. 18 നും 50 നുമിടയിൽ പ്രായമുള്ള സന്നദ്ധ പ്രവർത്തകരെ സേനയുടെ ഭാഗമാകും. 25 ശതമാനം സ്ത്രീ പങ്കാളിത്തവുമുണ്ടാകും. കൂടാതെ വിദ്യാഭ്യാസം, ആരോഗ്യം, പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും പരിശീലനം നൽകും. ആവശ്യമെങ്കിൽ മറ്റു വകുപ്പുകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരെയും ഉൾപ്പെടുത്തും.