കോഴിക്കോട്: ഭിന്നശേഷി സൗഹൃദത്തിന് കൂടുതൽ ഊന്നൽ നൽകുന്ന 2020 - 2021ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി രൂപീകരണ യോഗം വിവിധ മേഖലകളിലായി ഉയർന്ന നിർദ്ദേശങ്ങൾ വിശദമായ ചർച്ചയ്ക്ക് വിധേയമാക്കി.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ സാംബശിവറാവു അദ്ധ്യക്ഷനായിരുന്നു.
ജില്ലയിലെ കാർഷികമേഖല, മൃഗസംരക്ഷണം, ഫിഷറീസ്, ജലവിഭവ സംരക്ഷണം, പ്രാദേശിക സാമ്പത്തിക വികസനം, പാർപ്പിടം (ലൈഫ്) വിദ്യാഭ്യാസം, ആരോഗ്യം പരിസ്ഥിതി - ശുചിത്വം, വനിതാ ശിശുവികസനം, സാമൂഹ്യനീതി, ടൂറിസം, പട്ടികജാതി വികസനം, പട്ടികവർഗ വികസനം, ദുരന്തനിവാരണം, കാലവർഷ വ്യതിയാനം, പ്രളയ പ്രതിരോധം എന്നിവയിൽ മുൻഗണന നൽകേണ്ട നിർദ്ദേശങ്ങളായിരുന്നു ചർച്ചയ്ക്ക് വന്നത്.
തരിശുരഹിത ജില്ല, മൃഗസംരക്ഷണം, ക്ഷീരസമൃദ്ധി, മത്സ്യസമൃദ്ധി, ജലവിഭവം, വനിത സൗഹൃദം, ബാല സൗഹൃദം, ഭിന്നശേഷി സൗഹൃദം എന്നിവയ്‌ക്ക് ഊന്നൽ നൽകുന്നതാണ് പദ്ധതികൾ. ഓരോ മേഖലയും നേരിടുന്ന പ്രധാന വെല്ലുവിളികൾ, വികസനത്തിലെ വിടവുകൾ, വികസനം മെച്ചപ്പെടുത്തുന്നതിനുള്ള സാദ്ധ്യതകൾ എന്നിവയ്ക്ക് മുൻഗണനാ നിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിൽ പരിഗണന നൽകിയിട്ടുണ്ട്.
ത്രിതല പഞ്ചായത്തുകളും വകുപ്പു പദ്ധതികളുമായുള്ള സംയോജിത സംയുക്ത പദ്ധതികളും ഉൾപ്പെടുത്തി. ഓരോ പഞ്ചായത്തുകളിലെയും ടൂറിസം സാദ്ധ്യതാ പ്രദേശങ്ങൾ കണ്ടെത്തണമെന്ന് കലക്ടർ നിർദ്ദേശിച്ചു. മാർച്ച് അഞ്ചിന് 2020 - 21 വാർഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതി അംഗീകാരത്തിന് സമർപ്പിക്കണം.
യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ. ശ്രീലത, അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണർ നിബു ടി. കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.