കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിലായി. പെരുമണ്ണ സ്വദേശി എ.വി.മുഹമ്മദാണ് കസബ പൊലീസിന്റെ പിടിയിലായത്.
കല്ലായ് റോഡിലെ പുഷ്പ ജംഗ്ഷനിൽ ഇസ്‌മ ടൂർസ് ആൻഡ് ട്രാവൽസ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. എത്ര പണം തട്ടിയെടുത്തെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്. നേരത്തെ ഇയാൾ മാങ്കാവ് മിനി ബൈപ്പാസ് റോഡിൽ ഒവൈസ് എച്ച്.ആർ സൊലൂഷൻ എന്ന പേരിൽ സ്ഥാപനം നടത്തിയിരുന്നു. ഇതിന്റെ പേരിലും തട്ടിപ്പ് നടത്തിയിരുന്നു.
ദുബായിലേക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും ജോലി വാഗ്ദാനം നൽകിയാണ് മുഹമ്മദ് വിസ തട്ടിപ്പ് നടത്തിയത്. പരതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. തുടർന്നാണ് പുഷ്പ ജംഗ്ഷന് സമീപം പുതിയ സ്ഥാപനം തുടങ്ങിയത്. ഇതു സംബന്ധിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുമ്പും മുഹമ്മദ് തട്ടിപ്പ് കേസിൽ പ്രതിയാണെന്ന വിവരം പൊലീസിന് വ്യക്തമായത്. കസബ എസ്.ഐ വി.സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഓഫീസിലെത്തിയാണ് മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. നിരവധി പേരിൽ നിന്നായി ഇയാൾ ലക്ഷങ്ങൾ അഡ്വാൻസായി വാങ്ങിയിട്ടുണ്ടെന്നു പൊലീസ് കണ്ടെത്തി. കൂടുതൽ പരാതിക്കാർ സമീപിക്കുന്നുണ്ടെന്നും മുഹമ്മദിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷിച്ചുവരികയാണെന്നും കസബ പൊലീസ് അറിയിച്ചു.