കോഴിക്കോട്: കൊറോണ വൈറസ് ബാധ തടയുന്നതിനുള്ള പ്രതിരോധയജ്ഞത്തിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിലാക്കിയവരിൽ 154 പേർക്ക് ഇനി പുറത്തിറങ്ങാം. 28 ദിവസ കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിൽ ഇവരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയതായി കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ ജില്ലാ കളക്ടർ സാംബശിവ റാവു അറിയിച്ചു.
ജില്ലയിൽ പുതുതായി മൂന്നു പേർ ഉൾപ്പെടെ ഇനി 249 പേരാണ് നിരീക്ഷണത്തിലുള്ളത്. കൂടുതലായി ആരെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടില്ല. ബീച്ച് ആശുപ്രതിയിൽ മൂന്ന് പേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരാളുമാണുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ അറിയിച്ചു.
ഇന്നലെ സ്രവസാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടില്ല. രണ്ടു സാംപിളുകളുടെ ഫലം ലഭിച്ചത് നെഗറ്റീവാണ്. ഇതോടെ ഇതുവരെ 30 സാംപിൾ പരിശോധനയ്ക്ക് അയച്ചതിൽ 24 എണ്ണത്തിന്റെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. മെന്റൽ ഹെൽത്ത് ഹെല്പ് ലൈനിലൂടെ ഒരാൾക്ക് കൗൺസിലിംഗ് നടത്തി.
ജില്ലയിലെ വടക്കൻ മേഖലാ ബ്ലോക്ക് പി.എച്ച്.സി കളിൽ ഇന്നലെ അവലോകനയോഗം ചേർന്ന് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. പലയിടങ്ങളിലായി ബോധവത്ക്കരണ ക്ലാസുകളും പഞ്ചായത്ത്തല യോഗങ്ങളും നടന്നു. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയുള്ള ബോധവത്കരണ പ്രവർത്തനം ഊർജ്ജിതമായ തുടരുന്നുണ്ടെന്നും ഡി.എം.ഒ അറിയിച്ചു.
30 സ്രവ സാമ്പിൾ അയച്ചതിൽ 24 എണ്ണത്തിന്റെയും ഫലം നെഗറ്റിവ്