കോഴിക്കോട്: പാളയത്തു നിന്ന് പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റുന്നത് കുത്തകകളെ സഹായിക്കാനാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ സേതുമാധവൻ പറഞ്ഞു.
പച്ചക്കറി മാർക്കറ്റ് മാറ്റുന്നതിനെതിരെ പാളയത്ത് കച്ചവടക്കാരും തൊഴിലാളികളും സംയുക്തമായി സംഘടിപ്പിച്ച സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അറുപത് വർഷത്തോളം പഴക്കമുള്ള പാളയം മാർക്കറ്റ് മാറ്റാനുള്ള നീക്കം തൊഴിലാളികളെയും പച്ചക്കറി കച്ചവടക്കാരെയും പട്ടിണിയിലേക്ക് തള്ളുന്നതിന് തുല്യമാണ്. മറ്റു കച്ചവടസ്ഥാപനങ്ങളെല്ലാം കെട്ടുപിണഞ്ഞു കിടക്കുന്ന പാളയത്ത് നിന്ന് പച്ചക്കറി മാർക്കറ്റ് മാത്രം മാറ്റുകയെന്നത് ഒരിക്കലും പ്രായോഗികമല്ല. മാർക്കറ്റിലെ കച്ചവടക്കാരിൽ നിന്ന് നികുതിപ്പണം വാങ്ങിപ്പോവുകയല്ലാതെ പ്രാഥമിക സൗകര്യങ്ങൾക്ക് പോലും സൗകര്യമേർപ്പെടുത്താത്ത കോർപ്പറേഷൻ ഇപ്പോൾ എന്തിനാണ് ഇങ്ങനെ തുനിഞ്ഞിറങ്ങിയിരിക്കുന്നത് ?. അനുമതി തരുകയാണെങ്കിൽ കോർപ്പറേഷന്റെ ഒരു പണവുമില്ലാതെ പാളയം മാർക്കറ്റ് ആധുനികരീതിയിൽ നവീകരിക്കുന്ന കാര്യം വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റെടുക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സമരം വിജയിപ്പിച്ച ശേഷമേ സമിതി പിന്മാറൂ എന്നും സേതുമാധവൻ കൂട്ടിച്ചേർത്തു.
ചടങ്ങിൽ കോ - ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ എ.ടി.അബ്ദു അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എം.ടി.ജനാർദ്ദനൻ, സി.കുഞ്ഞാതു കോയ, പി.വി.മാധവൻ, അഡ്വ.ടി.എം.ഹനീഫ, എം.മുഹമ്മദ് ബഷീർ, അബ്ദുർറഹ്‌മാൻ ഹാജി, സി.വി.സക്കീർ ഹുസൈൻ, ടി.കെ.കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു.
മാർക്കറ്റ് മാറ്റുന്നതിനെതിരെ 25ന് രാവിലെ കോ - ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനുഷ്യച്ചങ്ങല തീർക്കുമെന്ന് ചെയർമാൻ എ.ടി.അബ്ദു അറിയിച്ചു.