paint

കോഴിക്കോട്: ആഴ്ചവട്ടം ഹയർ സെക്കൻറി സ്‌കൂളിലെ കിണർ സാമൂഹ്യവിരുദ്ധർ പെയിന്റ് ഒഴിച്ച് മലിനമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

സ്‌കൂളിൽ പി. എസ്.സി പരീക്ഷ നടക്കുന്നതിനാൽ രാവിലെ 6.45 ന് ഇൻവിജിലേറ്റർമാരും ഏതാനം അദ്ധ്യാപകരും സ്‌കൂളിൽ എത്തിയിരുന്നു. തുടർന്ന് അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

വിശദമായ പരിശോധനയ്ക്കായി കിണറിലെ വെള്ളം ആരോഗ്യ വകുപ്പ് അധികൃതർ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം വന്ന ശേഷം കിണർ വൃത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പ്രധാനാദ്ധ്യാപിക എം. ശാന്തി പറഞ്ഞു.
സ്കൂളിലെ എല്ലാ ആവശ്യങ്ങൾക്കും ഈ കിണറിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. ബുധനാഴ്ച രാത്രിയോടെയാണ് കിണറിൽ പെയിന്റൊഴിച്ചതെന്ന് കരുതുന്നത്. മുമ്പ് സ്‌കൂളിന് തീയിടാനുള്ള ശ്രമം നടന്നിരുന്നുവെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.

വെള്ളം ഉപയോഗശൂന്യമായതിനാൽ സ്‌കൂളിന് ഇന്നലെ അവധി നൽകി. എന്നാൽ എസ്.എസ്.എൽ.സി മോഡൽ പരീക്ഷയ്ക്ക് തടസമില്ല. ഇന്നും സ്‌കൂളിന് അവധിയായിരിക്കുമെന്ന് പ്രധാനാദ്ധ്യാപിക പറഞ്ഞു.

കുറ്റക്കാരെ എത്രയും പെട്ടെന്ന് കണ്ടെത്തി നടപടിയെടുക്കണമെന്ന് സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടു.