നാദാപുരം: മോഷണക്കുറ്റം ആരോപിച്ച് വീട്ടമ്മയെ സൂപ്പർമാർക്കറ്റിൽ മണിക്കൂറുകളോളം ഇടുങ്ങിയ മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. റൂബിയാൻ സൂപ്പർ മാർക്കറ്റ് പാത്രപ്പുരയിലെ ജീവനക്കാരായ പുളിയാവ് പാറോളിക്കണ്ടിയിൽ കുഞ്ഞബ്ദുള്ള (54), പുറമേരി മുതുവടത്തൂർ ആയനിതാഴെകുനി സമദ് (25) എന്നിവരെയാണ് നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ഇ.രഞ്ജിത്ത് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്.
ബുധനാഴ്ചയായിരുന്നു കേസ്സിനു ആസ്പദമായ സംഭവം. ബില്ലിൽ ചേർക്കാത്ത സാധനങ്ങൾ എടുത്തെന്നാരോപിച്ച് തൂണേരി സ്വദേശിയായ യുവതിയെയാണ് സൂപ്പർ മാർക്കറ്റിൽ രാവിലെ പത്ത് മുതൽ വൈകിട്ട് മൂന്ന് വരെ വെള്ളം പോലും നൽകാതെ തടഞ്ഞ് വെച്ചത്. സംഭവം പുറത്തറിഞ്ഞതോടെ നാദാപുരത്തും കല്ലാച്ചിയിലും റൂബിയാൻ സൂപ്പർ മാർക്കറ്റിന് നേരെ ഉയർന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു. കല്ലാച്ചിയിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസിന് ലാത്തിപ്രയോഗം വേണ്ടിവന്നു.
നാദാപുരം സ്റ്റേഷനിൽ എ എസ് പി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ സൂപ്പർ മാർക്കറ്റിനെതിരെ കടുത്ത ആരോപണം ഉയർന്നു. കുറ്റക്കാരായ ജീവനക്കാരെ ജോലിയിൽ നിന്ന് പുറത്താക്കാൻ യോഗത്തിൽ ധാരണയായി. സൂപ്പർ മാർക്കറ്റ് വിഷയത്തിൽ സോഷ്യൽ മീഡിയയിൽ അസത്യപ്രചാരണം അഴിച്ചുവിടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കട തുറന്നു പ്രവർത്തിക്കാനും യോഗത്തിൽ തീരുമാനമായി. കല്ലാച്ചിയിലെ അക്രമസംഭവം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യോഗത്തിൽ നാദാപുരം സി.ഐ എൻ.സുനിൽകുമാർ, എസ്.ഐ എൻ.പ്രജീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.സഫീറ, വൈസ് പ്രസിഡന്റ് സി.വി.കുഞ്ഞികൃഷ്ണൻ, ബ്ലോക്ക് മെമ്പർ സി.കെ.റീന, രാഷ്ട്രീയ പാർട്ടി നേതാക്കളായ പി.പി.ചാത്തു, സി.എച്ച്.മോഹനൻ, ടി.കണാരൻ, കെ.ടി.കെ.ചന്ദ്രൻ, മധുപ്രസാദ്, സൂപ്പി നരിക്കാട്ടേരി, എം.പി.സൂപ്പി, വ്യാപാരി വ്യവസായി പ്രതിനിധികളായ ഏരത്ത് ഇക്ബാൽ, കണേക്കൽ അബ്ബാസ്, കുരുമ്പിയത്ത് കുഞ്ഞബ്ദുള്ള എന്നിവർ പങ്കെടുത്തു.