കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകൾ അപ്പാടെ മാറിവരികയാണ്. വല്ല പെറ്റി കേസിലും പെട്ട് 15 ദിവസമെങ്കിലും ജയിലിൽ കിടന്നാൽ കുറ്റകൃത്യങ്ങളിൽ ആശാനായി പുറത്തുവരുന്ന അവസ്ഥയായിരുന്നു ഈ അടുത്ത കാലം വരെ. എന്നാൽ കുറച്ചായി സ്ഥിതിഗതികൾ തീർത്തും മാറി. ഇപ്പോൾ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നവരിൽ 50 ശതമാനമെങ്കിലും തൊഴിൽ വൈദഗ്ദ്ധ്യം നേടിയവരാണ്. ജയിൽ ജീവിതത്തിനിടയിലെ തൊഴിൽപരിശീലനം അവരെ മാറ്റിമറിക്കുകയാണ്. മാന്യമായി തൊഴിൽ ചെയ്തു ജീവിക്കണമെന്ന് മനസ്സിലുറപ്പിച്ചാണ് ഇവർ ഇറങ്ങുന്നത്.
സർക്കാർ കൊണ്ടുവന്ന പരിഷ്കാരങ്ങൾ കുറ്റമറ്റ രീതിയിൽ നടപ്പാക്കിയതിന്റെ ക്രെഡിറ്റ് ജീവനക്കാർക്ക് തന്നെ. മാറ്റങ്ങൾക്ക് വഴി തുറന്നതിൽ ജീവനക്കാരുടെ ഏകസംഘടനയായ കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്‌സ് അസോസിയേഷന്റെ പങ്ക് കുറച്ചൊന്നുമല്ല.
സമൂഹം തിരസ്കരിച്ചവർ ജയിലിലെത്തുമ്പോൾ മുമ്പൊക്കെ അവരെ കൈകാര്യം ചെയ്തിരുന്നത് ക്രൂര മർദ്ദനത്തിലൂടെയായിരിന്നു. പൊലീസ് മർദ്ദനത്തിന് പിന്നാലെ ജയിലിലെ നടയടിയും തുടരൻ പ്രയോഗങ്ങളും കൂടിയാവുമ്പോൾ പലരും നിത്യരോഗികളാവും. പിന്നെ അദ്ധ്വാനിച്ച് ജീവിക്കാൻ പറ്റാത്ത പരുവത്തിലാവുമ്പോൾ വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് തിരിയാൻ നിർബന്ധിതരാവും. എന്നാൽ, ഇന്നിപ്പോൾ തടവുപുള്ളികളെ കൈകാര്യം ചെയ്യുന്നത് കായികമായല്ല; തികച്ചും ശാസ്ത്രീയ സമീപനത്തിലൂടെയാണ്. അത്ഭുതപ്പെടുത്തുന്നതാണ് അതിന്റെ ഫലം.
മാറ്റങ്ങൾ എന്തൊക്കെ
പലപ്പോഴും കുറ്റകൃത്യം ചെയ്ത് പോകുന്നത് ഒരു ദുർബല നിമിഷത്തിലായിരിക്കാം. പിന്നീട് ഇവരിലുണ്ടാകുന്ന മാനസിക സമ്മർദ്ദം ഏറെയാണ്. ഇത്തരക്കാർക്ക് ജയിലിൽ പ്രത്യേക കൗൺസിലിംഗുണ്ട്.
കുറ്റവാളിയായി തീരുന്നതിൽ ഏറിയ പങ്കും ജീവിതസാഹചര്യം കാരണം തന്നെ. ഇങ്ങനെ വന്നു പെടുന്നവരെ തിരിച്ചറിഞ്ഞ് സാങ്കേതിക കോഴ്സുകളിലേക്ക് വരെ തിരിച്ചുവിടുകയാണ്. ഇതിലൂടെ സ്ഥിരവരുമാനമുണ്ടാക്കാവുന്ന തൊഴിൽനൈപുണ്യം നേടാം. പതിവു ഡ്യൂട്ടിസമയം കഴിഞ്ഞ ശേഷമാണ് ജീവനക്കാർ പരിശീലകരാവുന്നത്.
പരിശീലനം ഇവയിൽ:
1. എയർകണ്ടീഷൻ ആൻഡ് റഫ്രിജേഷൻ
2. അലുമിനിയം ഫാബ്രിക്കേഷൻ
3. എൽ.ഇ.ഡി ബൾബ് നിർമ്മാണം
4. പേപ്പർബാഗ് - തുണിസഞ്ചി നിർമ്മാണം
5. മെഴുകുതിരി നിർമ്മാണം,
6. പൂച്ചട്ടി നിർമ്മാണം,
7. കൂൺ - ജൈവകൃഷി
വായനയിലൂടെ
വെളിച്ചം
വ്യക്തിയുടെ ജീവിതത്തിൽ വായന വരുത്തുന്ന വലിയ മാറ്റം തടവറയിലെ അന്തേവാസികളിൽ വ്യക്തമായി കാണാം. ജില്ലാ ജയിലിലെ ലൈബ്രറിയിൽ പന്ത്രണ്ടായിരത്തിലധികം പുസ്തകങ്ങളുണ്ട്.
നിരന്തര ബോധവത്കരണത്തിലൂടെ കൂടുതൽ തടവുകാരിൽ വായനാശീലം വളർത്തിയെടുക്കാൻ സാധിച്ചിട്ടുണ്ടെന്ന് ജയിൽ ജീവനക്കാർ പറയുന്നു. കൊയിലാണ്ടി സബ് ജയിലിൽ രണ്ടായിരത്തിൽപരം പുസ്തകങ്ങളുണ്ട് ലൈബ്രറിയിൽ.