മാനന്തവാടി: വർഷങ്ങളായി തകർന്ന് കിടക്കുന്ന മാനന്തവാടി നഗരസഭാ പരിധിയിലെ ചൂട്ടക്കടവ് എരുമത്തെരുവ് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തം. വർഷങ്ങൾക്ക് മുമ്പ് ടാറിംഗ് നടത്തിയതല്ലാതെ പിന്നീട് ഒരു അറ്റകുറ്റപണിയും നടത്തിയിട്ടില്ല.

കഴിഞ്ഞ പ്രളയത്തിൽ റോഡ് പാടെ തകർന്ന് കുണ്ടും കുഴിയുമായി മാറി. റോഡ് തകർന്ന് അവശിഷ്ടങ്ങളായ കല്ലുകൾ ചിതറികിടക്കുന്നതിനാൽ കാൽനട യാത്ര പോലും ദുഷ്‌ക്കരമായിരിക്കുകയാണ്.

നാല് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളും ആരാധനാലയങ്ങളിലേക്കുള്ളവരും നിത്യേന ഇതിലെയാണ് യാത്ര ചെയ്യുന്നത്.

മാനന്തവാടി നഗരത്തിൽ ഗതാഗത തടസ്സം അനുഭവപ്പെടുമ്പോൾ ഏറ്റവും ഏളുപ്പത്തിൽ വാഹനങ്ങളെ കടത്തിവിടുന്ന പ്രധാന പാതകൂടിയാണിത്. റോഡ് വീതികൂട്ടലെന്ന പേരിൽ നടത്തുന്ന പ്രവർത്തികൾ കാരണം പൊടിപടലം നിറഞ്ഞ് യാത്രക്കാർക്കും പരിസരവാസികൾക്കും ഏറെ ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നുണ്ട്.

20 ഓളം സ്‌ക്കൂൾ ബസ്സുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതിലൂടെ കടന്ന് പോകുന്നത്. അടുത്ത കാലവർഷത്തിന് മുമ്പെങ്കിലും റോഡ് പ്രവർത്തികൾ പൂർത്തീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.