മാനന്തവാടി: മാനന്തവാടിയിലെ മാർക്കറ്റിൽ വിഷം കലർന്ന മത്സ്യം വിറ്റ സംഭവവും, നിർമ്മാണത്തിലിരിക്കുന്ന മാർക്കറ്റ് തുറന്നു കൊടുക്കുന്നതിലുള്ള കാലതാമസവും ഭരണസമിതി യോഗത്തിൽ അടിയന്തര പ്രാധാന്യത്തോടെ ചർച്ചയ്ക്കെടുക്കണമെന്ന ആവശ്യം നിരസിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് യോഗം ബഹിഷ്‌കരിച്ചു.
ഭരണ സമിതിയോഗം തുടങ്ങി 10 മിനുട്ട് കഴിഞ്ഞാണ് യു.ഡി.എഫ് കൗൺസിലർമാർ ഹാളിലെത്തിയത്. അജണ്ട വായിച്ച് ഭരണപക്ഷം നടപടികൾ പൂർത്തികരിക്കാൻ തുടങ്ങിയപ്പോൾ മാർക്കറ്റ് വിഷയം ചർച്ചയ്ക്കെടുക്കണമെന്ന ആവശ്യം ഉന്നയിച്ചത് ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കുതർക്കത്തിന് കാരണമായി. തുടർന്ന് യു.ഡി.എഫ് അംഗങ്ങൾ യോഗം ബഹിഷ്‌കരിച്ച് നഗരസഭാ ഓഫീസിനു മുമ്പിൽ മത്സ്യം വിറ്റ് പ്രതിഷേധിച്ചു.
യു.ഡി.എഫ് കൗൺസിലർമാരുടെ നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും മലിനീകരണ ബോർഡിന്റെയും ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടി ക്രമങ്ങൾ പൂർത്തിയാക്കി മാർക്കറ്റ് ഉതുറന്നുകൊടുക്കുമെന്നും ചെയർമാൻ വി.ആർ.പ്രവീജ് പറഞ്ഞു.