കൽപ്പറ്റ: ജില്ലയിലെ ബാങ്കുകൾ നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 3191 കോടി രൂപ വായ്പ നൽകിയതായി ജില്ലാ തല ബാങ്കിംഗ് അവലോകന സമിതി വിലയിരുത്തി. ഇതിൽ 3042 കോടി രൂപയും മുൻഗണനാ വിഭാഗത്തിലാണ് നൽകിയത്.
കാർഷിക വായ്പയായി 2316 കോടി രൂപ നൽകി. കാർഷികേതര വായ്പയായി 341 കോടി രൂപയും മറ്റു മുൻഗണന വിഭാഗത്തിൽ 385 കോടിയും ബാങ്കുകൾ അനുവദിച്ചു. ബാങ്കുകളുടെ മൊത്തം വായ്പ ഡിസംബർ 31ന് കഴിഞ്ഞ വർഷത്തെ 6537 കോടിയിൽ നിന്ന് വർധിച്ച് 7277 കോടി രൂപയായി. ഇക്കാലയളവിൽ നിക്ഷേപം 5455 കോടിയിൽ നിന്ന് 5853 കോടിയായി. വിദേശ നിക്ഷേപം 696 കോടിയിൽ നിന്ന് 987 കോടിയായി ഉയർന്നു. വായ്പ്പ നിക്ഷേപാനുപാതം 124 ശതമാനമാണ്.
2020-21 ലെ ക്രെഡിറ്റ് പ്ലാൻ കനറാ ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ മോഹനൻ കോറോത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ നൽകി പ്രകാശനം ചെയ്തു. 2020-21 വർഷത്തിൽ 4600 കോടി രൂപ വായ്പയാണ് ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ (ആർ ആർ ) വിജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരൻ, പ്ലാനിങ് ഓഫീസർ ഇൻചാർജ് സുഭദ്ര നായർ, കനറാ ബാങ്ക് കോഴിക്കോട് മേഖല അസിസ്റ്റന്റ് ജനറൽ മാനേജർ മോഹനൻ കോറോത്, ആർ.ബി.ഐ ലീഡ് ഡിസ്ട്രിക്ട് ഓഫീസർ പി.ജി.ഹരിദാസ്, നബാർഡ് ഡി.ഡി.എം ജിഷ.വി, ലീഡ് ഡിസ്ട്രിക്ട് മാനേജർ ജി.വിനോദ് തുടങ്ങിയവർ സംസാരിച്ചു.