കൽപ്പറ്റ: സർക്കാർ പ്രഖ്യാപിച്ച കിസാൻ ക്രെഡിറ്റ് വായ്പാ പദ്ധതി ബാങ്കുകൾ അട്ടിമറിക്കുന്നതായി പരാതി. വായ്പയ്ക്ക് അപേക്ഷിക്കുന്ന കർഷകർക്ക് പല ബാങ്കുകളും കെ.സി.സി. വായ്പ നിഷേധിക്കുകയാണ്.

അർഹരായ എല്ലാ കർഷകർക്കും കെ.സി.സി. വായ്പ ലഭ്യമാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ലീഡ് ബാങ്ക്, നബാർഡ്, മൃഗസംരക്ഷണ, ക്ഷീരവികസന, കൃഷി, ഫിഷറീസ് വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ലഭിക്കുന്ന എല്ലാ കർഷകർക്കും അതേ ബാങ്കിൽ നിന്ന് കെ.സി.സി. വായ്പ ലഭിക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ കർഷകർ ബാങ്കുകളെ സമീപിക്കുമ്പോൾ വായ്പ നൽകാൻ ബാങ്കധികൃതർ തയ്യാറാകുന്നില്ലെന്നാണ് പരാതി. തങ്ങൾക്ക് നിർദ്ദേശമില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ജില്ലയിലെ ചില സഹകരണ ബാങ്കുകളും വായ്പ നിഷേധിക്കുന്നുണ്ട്.

1,60,000 രൂപ വരെ ഒരു ഈടുമില്ലാതെ വായ്പ നൽകണമെന്നാണ് വ്യവസ്ഥ. ഒരു വർഷംകൊണ്ട് തിരിച്ചടയ്ക്കുന്നവർക്ക് 4 ശതമാനമാണ് പലിശ. ഈടുനൽകിയാൽ ഈടു നൽകുന്ന സ്ഥലത്തിന്റെ അളവിനനുസരിച്ച് എത്ര ലക്ഷം വേണമെങ്കിലും കെ.സി.സി. വായ്പ നൽകണം.

എന്നാൽ നിലവിലുള്ള വായ്പ പുതുക്കൽ മാത്രമാണ് ഇപ്പോൾ ബാങ്കുകൾ നടത്തുന്നത്. ഈ കണക്കുകളാണ് ബാങ്കിംഗ് അവലോകന സമിതികൾ പുറത്തുവിടുന്നതെന്നും യഥാർത്ഥത്തിൽ പുതിയ വായ്പകൾ നൽകുന്നില്ലെന്നും കർഷക സംഘടനകൾ ആരോപിക്കുന്നു.

സാമ്പത്തിക പ്രതിസന്ധി കാരണം കർഷകർ വായ്പ തിരിച്ചടക്കില്ലെന്ന ആശങ്കയാണ് ഈ നിഷേധത്തിന് കാരണം.

എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽപെട്ട കർഷകരെ വലയിലാക്കാൻ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ വ്യാപകമായി പ്രവർത്തിക്കുന്നുണ്ട്. നാലുപേരോ അതിൽ കൂടുതലോ ആളുകൾ ചേർന്ന് ഗ്രൂപ്പായി അപേക്ഷിച്ചാൽ ഒരു ലക്ഷം രൂപ വരെ ഓരോരുത്തർക്കും വായ്പ നൽകാൻ ഇത്തരം സ്ഥാപനങ്ങൾ തയ്യാറാണ്. പലിശയടക്കം ഓരോ ആഴ്ചയിലും വായ്പാ വിഹിതം തിരിച്ചടയ്ക്കണമെന്നാണ് വ്യവസ്ഥ. 36 മാസങ്ങൾകൊണ്ട് ഇങ്ങനെ തിരിച്ചടയ്ക്കുമ്പോൾ 18 ശതമാനം വരെയാണ് ഇത്തരം സ്ഥാപനങ്ങൾ പലിശയായി ഈടാക്കുന്നത്. മറ്റു മാർഗമില്ലാതെ ചെറുകിട കർഷകർ ഇത്തരം ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു.