flood

കുറ്റ്യാടി: പുഴയോരം ഇടിഞ്ഞുതുടങ്ങിയതോടെ തീരത്തെ താമസക്കാർ ആധി കയറിയ അവസ്ഥയിൽ. ഓരോ ദിവസം കഴിയുന്തോറും വീടുകൾക്ക് ഭീഷണി കൂടി വരികയാണ്.

കുറ്റ്യാടി വലിയ പാലത്തിനരികിലൂടെ കടന്നുപോകുന്ന പുഴയോര നടപ്പാതയുടെ കരയിൽ താമസിക്കുന്ന വീട്ടുകാരാണ് ദുരിതത്തിലായത്. ഏറെ ഭയാശങ്കയോടെ നാളുകൾ തള്ളിനീക്കുകയാണ് ഇവർ. ഏതാണ്ട് നൂറു മീറ്ററോളം വരും പുഴയോര നടപ്പാത. രണ്ടു വർഷം മുമ്പ് കനത്ത മഴയെ തുടർന്ന് കുറ്റ്യാടി പുഴയിലെ വെള്ളം ക്രമാതീതമായി ഉയർന്നതോടെ പാതയോരം ഇടിഞ്ഞു പുഴയിലേക്ക് പതിച്ചിരുന്നു. തുടർന്ന് അങ്ങിങ്ങായി റോഡിന്ന് വിള്ളലും വീണു. പാതയോരത്ത് സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റുകളുടെ അടിത്തട്ടിലെ മണ്ണ് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പുഴക്കരയിലെ ഉപ്പാലക്കണ്ടിയിൽ ഹമീദ് - ജമീല ദമ്പതികളുടെ വീടിനു മുന്നിലായി കരിങ്കൽ കിടങ്ങ് തകർന്നിട്ടുണ്ട്. ഈ വീടിനാണ് അപകട ഭീഷണി കൂടുതലും.

തൊട്ടടുത്തുള്ള വീട്ടുകാരും ഭയപ്പാടോടെയാണ് കഴിയുന്നത്. ഈ ഭാഗത്തെ കൃഷിയിടങ്ങളും ഭീഷണി നേരിടുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്തുണ്ടായ കനത്ത വെള്ളപൊക്കം കുറ്റ്യാടി പുഴയോര നിവാസികൾക്ക് വൻ നാശനഷ്ടം വരുത്തിവെച്ചിരുന്നു. പുഴ കര കവിഞ്ഞൊഴുകിയപ്പോൾ കുറ്റ്യാടി ടൗണും പരിസരപ്രദേശങ്ങളുമെല്ലാം വെള്ളത്തിനടിയിലായിരുന്നു.

''കുറ്റ്യാടി പുഴയോടു ചേർന്നുള്ള പമ്പ് ഹൗസ് മുതൽ വലിയപാലം വരെ പുഴയോരത്ത് കരിങ്കൽഭിത്തി കെട്ടി സംരക്ഷിക്കാൻ ഇനിയും വൈകിക്കൂടാ. അതല്ലെങ്കിൽ കുറേയേറെ കുടുംബങ്ങൾക്ക് വലിയ നാശനഷ്ടമായിരിക്കും വന്നുപെടുക.

- പുഴയോര നിവാസികൾ