സുൽത്താൻ ബത്തേരി: ദേശീയപാത 766 ലെ യാത്രാനിരോധന പ്രശ്നവുമായി ബന്ധപ്പെട്ട് വയനാട് ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ കർണ്ണാടക മുഖ്യമന്ത്രി വൈ.എസ്.യഡിയൂരപ്പ, ഉപമുഖ്യമന്ത്രി അശോക് നാരായൺ എന്നിവരുമായി ചർച്ച നടത്തി. രാത്രിയാത്രാ നിരോധനം പിൻവലിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ബദൽപാത മാത്രമേ പരിഗണിക്കൂ എന്നതാണ് നിലപാടെങ്കിൽ ചിക്കബർഗി ബൈപാസിന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.

പരിസ്ഥിതി പ്രശ്നമില്ലാത്ത രീതിയിൽ പ്രശ്നം പരിഹരിക്കാനാണ് കർണ്ണാടക ശ്രമിക്കുന്നതെന്നും ചിക്കബർഗി ബൈപാസ്സിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചിക്കബർഗി ബൈപാസ് പരിസ്ഥിതി സൗഹാർദ്ദപരമായ പരിഹാരമാണെന്ന് ബോധ്യമുള്ളതായി ഉപമുഖ്യമന്ത്രി അശോക് നാരായൺ അറിയിച്ചു. ഇതുസംബന്ധിച്ച് കർണ്ണാടക സർക്കാർ കൂടുതൽ പഠനങ്ങൾ നടത്തും. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ രാത്രിയാത്രാ നിരോധനം പിൻവലിക്കുന്ന കാര്യത്തിൽ കർണ്ണാടക സർക്കാരിനും പരിമിതികളുണ്ട്. എന്നാൽ പരിസ്ഥിതി സൗഹാർദ്ദപരമായ എല്ലാ മാർഗ്ഗങ്ങളും പരിശോധിക്കും. കുട്ട-ഗോണിക്കുപ്പ ബദൽപാതയ്ക്കു വേണ്ടിയുള്ള നിർദ്ദേശം മാത്രമേ കർണ്ണാടക സർക്കാരിന് ലഭിച്ചിട്ടുള്ളൂവെന്നും ഉപമുഖ്യമന്ത്രി അറിയിച്ചു. ചർച്ചയിൽ ഡോ:നാഗരാജു ശിവാചാര്യ സ്വാമികൾ, വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, ഡോ:സതീഷ് നായിക്ക്, വി.ആർ.സതീഷ്, ബിജു ശിവരാമൻ എന്നിവർ പങ്കെടുത്തു.

രാത്രിയാത്രാ നിരോധനം തുടരാനും ബദൽപാത വികസിപ്പിച്ച് എൻ.എച്ച് 766 പൂർണ്ണമായി അടച്ചുപൂട്ടാനുള്ള നിർദ്ദേശം സമർപ്പിക്കാനും സുപ്രീംകോടതി നിർദ്ദേശിക്കുകയും ഇതനുസരിച്ച് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനുവേണ്ടി കടുവാ സംരക്ഷണ അതോറിറ്റി കുട്ട-ഗോണിക്കുപ്പ ബദൽപാത വികസിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കി സുപ്രീംകോടതിയിൽ സമർപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചർച്ച നടത്തിയത്.