കൽപ്പറ്റ: സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം 17,18,19 തീയ്യതികളിൽ ജില്ലയിൽ നടക്കും. വൈത്തിരി വില്ലേജ് റിസോർട്ട്, കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ മൈതാനം എന്നിവടങ്ങളിലാണ് പരിപാടികൾ നടക്കുക.

എസ്.കെ.എം.ജെ സ്‌കൂൾ മൈതാനത്ത് പൊതുജനങ്ങൾക്കായി പ്രദർശന സ്റ്റാളും സജ്ജീകരിക്കുന്നുണ്ട്. സംസ്ഥാനത്തെ മുഴുവൻ ത്രിതല പഞ്ചായത്തുകളിലേയും പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരടങ്ങിയ മൂവായിരത്തിലേറെ പ്രതിനിധികൾ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും. സർക്കാർ സ്വകാര്യ ഏജൻസികളുടെയും സ്റ്റാളുകളുണ്ടാകും.

ത്രിതല പഞ്ചായത്ത് ഭരണ സംവിധാനത്തിന്റെ ഉപജ്ഞാതാവായ ഡോ.ബൽവന്ത്റായ് മേത്തയുടെ ജൻമദിനമായ ഫെബ്രുവരി 19 ആണ് സംസ്ഥാനത്ത് പഞ്ചായത്ത് ദിനമായി ആചരിക്കുന്നത്.
18 ന് രാവിലെ 10 ന് വൈത്തിരി റിസോർട്ടിൽ ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ കെ.കെ.ശൈലജ, ഡോ.കെ.ടി.ജലീൽ, പ്രൊഫ.സി.രവീന്ദ്രനാഥ്, അഡ്വ. വി.എസ്.സുനിൽകുമാർ, എ.കെ.ശശീന്ദ്രൻ, കെ.കൃഷ്ണൻകുട്ടി എന്നിവർ വിവിധ സെമിനാറുകൾ ഉദ്ഘാടനം ചെയ്യും.

19 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ പ്രതിനിധി സമ്മേളനം നടക്കും. സമാപന സമ്മേളനത്തിൽ മന്ത്രി എ.സി മൊയ്തീൻ മികച്ച പഞ്ചായത്തുകൾക്കുളള സ്വരാജ് ട്രോഫി സമ്മാനിക്കും.
പ്രദർശന മേളയുടെ ഉദ്ഘാടനം 17 ന് രാവിലെ 10 ന് സി.കെ ശശീന്ദ്രൻ എം.എൽ.എ നിർവ്വഹിക്കും. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഉഷാകുമാരി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2 ന് കൽപ്പറ്റ എസ്.കെ. എം.ജെ സ്‌കൂളിൽ നടക്കുന്ന വനിതാ സെമിനാർ ഹരിതകേരള മിഷൻ ഡയറക്ടർ ടി.എൻ.സീമ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് ദിനാഘോഷ ചടങ്ങുകൾ പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും.