കൽപ്പറ്റ: കൊറോണ വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്ന് വയനാട്ടിലെത്തിയവരിൽ നിരീക്ഷണത്തിൽ കഴിയുന്നത് 50 പേർ. ചൈനയിലെ വുഹാനിൽ നിന്നെത്തിയ ഒരാളടക്കം രണ്ടുപേരെ 28 ദിവസം കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് ഇന്നലെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി.
അതേസമയം, തായ്ലന്റ്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ വിനോദസഞ്ചാരത്തിനു പോയി തിരിച്ചെത്തിയ രണ്ടുപേർ പുതുതായി നിരീക്ഷണത്തിലാണ്.
കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ, രോഗബാധിതരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർ, കൊറോണ സ്ഥിരീകരിച്ച രോഗികളെ ചികിത്സിച്ച ആശുപത്രി സന്ദർശിച്ചവർ, രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിൽ യാത്ര ചെയ്തവർ, രോഗിയുടെ ശരീരസ്രവങ്ങൾ സ്പർശിച്ചവർ, രോഗിയുടെ ശരീരവുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർ, രോഗിയെ പരിശോധിച്ച ആരോഗ്യ പ്രവർത്തകർ, വസ്ത്രം, പാത്രം, കിടക്കവിരികൾ തുടങ്ങിയവ സ്പർശിച്ചവർ, രോഗം സ്ഥിരീകരിച്ചവരുടെ അടുത്തിരുന്ന് യാത്ര ചെയ്തവർ എല്ലാവരും 28 ദിവസത്തെ നിരീക്ഷണത്തിൽ തന്നെ കഴിയണമെന്നാണ് ആരോഗ്യവകുപ്പ് പുതുതായി പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നത്.
രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നെത്തുന്നവരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് കാറ്റഗറികളായി തിരിച്ചിട്ടുണ്ട്. ഇതിൽ രോഗബാധയില്ലാത്ത സ്ഥലത്ത് നിന്ന് കേരളത്തിലെത്തുന്നവരെ പ്രാഥമിക പരിശോധന നടത്തി പ്രശ്നങ്ങളില്ലെന്നു കണ്ടെത്തിയാൽ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കും. ഇത്തരത്തിൽ 15 പേരെയാണ് ഒഴിവാക്കിയിട്ടുള്ളത്. 28 ദിവസം കാലാവധി പൂർത്തിയാക്കിയ ഒമ്പതു പേരും നിരീക്ഷണത്തിൽ നിന്ന് പുറത്താണ്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരുകയാണെന്നും കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.